വരാപ്പുഴ സ്റ്റേഷനിലെ ടൈഗര്‍ ഫോഴ്‌സിന്റെ മര്‍ദ്ദനത്തില്‍ ശ്രീജിത്ത് മരിച്ചത് കുടല്‍മാല മുറിഞ്ഞ്; മരണം ആത്മഹത്യയാക്കാന്‍ നിര്‍ദ്ദേശിച്ചത് ഡി.വൈ.എസ്.പി പ്രഫുലചന്ദ്രന്‍; വകുപ്പുതല അന്വഷണത്തില്‍ വന്‍വീഴ്ച കണ്ടെത്തിയിട്ടും പ്രഫുലചന്ദ്രന് സര്‍ക്കാരിന്റെ ശിക്ഷ വെറും താക്കീത് മാത്രം…..!
സ്വന്തം ലേഖിക
കൊച്ചി: വരാപ്പുഴയില്‍ ആളുമാറി കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് വരാപ്പുഴ സ്‌റ്റേഷനില്‍ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് എന്ന പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ അതിക്രൂരമായ മര്‍ദ്ദനത്തില്‍ കുടല്‍മാല മുറിഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ വന്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സര്‍ക്കാരിന്റെ ശിക്ഷ വെറും താക്കീത് മാത്രം.
ശ്രീജിത്തിന്റെ മരണം ആത്മഹത്യയാക്കാന്‍ പോലും ഡി വൈ എസ് പി ശ്രമിച്ചതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നിട്ടാണ് സര്‍ക്കാരിന്റെ മൃദുശിക്ഷ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡിവൈ.എസ്‌പിക്കെതിരായ നടപടികള്‍ അവസാനിപ്പിച്ച് ആഭ്യന്തര വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നതിങ്ങനെ:- കെ.ബി. പ്രഫുലചന്ദ്രന്‍ ആലുവ ഡിവൈ.എസ്‌പിയായിരിക്കെ, വരാപ്പുഴ സ്റ്റേഷന്‍ പരിധിയിലെ ദേവസ്വം പാടത്തും പരിസരത്തുമായി അക്രമസംഭവങ്ങളുണ്ടായതിന്റെ അടിസ്ഥാനത്തില്‍ വരാപ്പുഴ സ്റ്റേഷനില്‍ കേസുകളെടുത്തു. ഈ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ട ശ്രീജിത്തിനെ രാത്രി പത്തരയ്ക്ക് റൂറല്‍ ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്ന് പിടികൂടി മര്‍ദ്ദിക്കുകയും ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും വരാപ്പുഴ സ്റ്റേഷനില്‍ അന്യായമായി തടവില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത് ആശുപത്രിയില്‍ മരിച്ചു.
വരാപ്പുഴ സ്റ്റേഷന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്ന പ്രഫുലചന്ദ്രന് ഗുരുതരമായ കൃത്യവിലോപവും വീഴ്ചയുമുണ്ടായതായി സി.ബി.സിഐ.ഡി ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വരാപ്പുഴ സ്റ്റേഷന്റെ ചുമതലയുണ്ടായിട്ടും പ്രദേശത്ത് 5 അക്രമസംഭവങ്ങളുണ്ടായിട്ടും ഡിവൈ.എസ്‌പി സ്റ്റേഷനില്‍ പോവുകയോ കൃത്യമായി വിവരം തിരക്കുകയോ ചെയ്തില്ല. അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ ക്രിയാത്മകമായ നടപടികളെടുത്തില്ല.
നോര്‍ത്ത് പറവൂര്‍, വടക്കേക്കര സ്റ്റേഷനുകളുടേതടക്കം വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തപ്പോഴും എന്തൊക്കെയാണ് അവിടെ നടന്നതെന്നോ ആരെയൊക്കെ പിടികൂടിയെന്നോ അന്വേഷിച്ചില്ല. പിടികൂടിയത് യഥാര്‍ത്ഥ പ്രതികളെയോണോയെന്ന് അന്വേഷിച്ചില്ല.
വരാപ്പുഴ എസ്.എച്ച്.ഒ ആയിരുന്ന ജി.എസ്.ദീപക്കിന് പ്രഫുലചന്ദ്രന്‍ രണ്ടു ദിവസത്തെ അവധി നല്‍കിയിരുന്നു. സ്റ്റേഷനില്‍ ഇന്‍സ്‌പെക്ടറില്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിട്ടും ക്രമസമാധാന പാലനത്തിനോ കേസന്വേഷണത്തിനോ നടപടിയെടുത്തില്ല. സംഭവ ദിവസം വൈകിട്ട് പ്രഫുലചന്ദ്രന്‍ സ്ഥലത്ത് പോയെങ്കിലും ശക്തമായ ബന്തവസ് സ്‌കീം ഉണ്ടാക്കുകയോ പൊലീസുകാരെ പ്രത്യേകം നിര്‍ദ്ദേശിച്ച് ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തുകയോ ചെയ്തില്ല. പ്രതികളെ പിടികാനാനും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയില്ല.
ഗുരുതരമായി പരിക്കേറ്റ് അവശനിലയിലായ ശ്രീജിത്തിന് മതിയായ ചിക്തിസയോ സുരക്ഷയോ ഉറപ്പാക്കാന്‍ നടപടിയെടുത്തില്ല. ശ്രീജിത്ത് ചികിത്സയില്‍ കഴിഞ്ഞിരുന്ന ആസ്റ്റര്‍ മെഡിസിറ്റിയില്‍ പോവുകയോ ഡോക്ടര്‍മാരെ കാണുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ല. ശ്രീജിത്തിന്റെ ഗുരുതരാവസ്ഥയെ സംബന്ധിച്ച് മേലുദ്യോഗസ്ഥരെ വിവരമറിയിച്ചില്ല.
കേസിലെ സി.ആര്‍.പി.സി 174 സെക്ഷന്‍ മാറ്റി 306 ഐ.പി.സി കൂട്ടിച്ചേര്‍ക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് തെറ്റായ നിര്‍ദ്ദേശം നല്‍കി. ഇത് മറച്ചുവയ്ക്കുന്ന രീതിയില്‍ കേസ് റഫര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി.
ശ്രീജിത്ത് മരിക്കുന്നതു വരെ പ്രഫുലചന്ദ്രന്‍ വരാപ്പുഴ സ്‌റ്രേഷനിലെത്തി കേസന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിട്ടില്ല. ഉത്തരവാദിത്തത്തില്‍ നിന്ന് മനഃപൂര്‍വ്വം വിട്ടുനിന്നു. പരാതിക്കാരന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയപ്പോഴുണ്ടായ സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്നും പൊലീസുദ്യോഗസ്ഥര്‍ക്ക് വീഴ്ചയോ ഉപേക്ഷയോ സംഭവിച്ചിട്ടില്ലെന്നും തെറ്റായ റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കി.
വകുപ്പുതല അന്വേഷണത്തിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഡി.ജി.പി ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് സര്‍ക്കാരിന് കൈമാറി. പ്രഫുലചന്ദ്രന് സെന്‍ഷ്വര്‍ എന്ന ശിക്ഷ നല്‍കി അച്ചടക്ക നടപടി അവസാനിപ്പിക്കാന്‍ താത്കാലികമായി തീരുമാനിച്ച് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രഫുലചന്ദ്രന്‍ മറുപടി നല്‍കിയില്ല. ഈ സാഹചര്യത്തിലാണ് താത്കാലികമായി നല്‍കിയ സെന്‍ഷ്വര്‍ എന്ന ശിക്ഷ സ്ഥിരപ്പെടുത്തി അച്ചടക്കനടപടി തീര്‍പ്പാക്കിയത്.