വാരാപ്പുഴ സ്ഫോടനം; പടക്ക സംഭരണശാലയുടെ ഉടമയുൾപ്പെടെ രണ്ടുപേർക്കെതിരെ കേസ്; നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി
സ്വന്തം ലേഖകൻ
എറണാകുളം: വാരാപ്പുഴ സ്ഫോടനം ഉഗ്രസ്ഫോടനത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. പടക്ക സംഭരണശാലക്ക് ലൈസൻസുള്ള ജെയ്സനെതിരെ നരഹത്യക്കുറ്റം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സ്ഫോടനത്തിൽ തകർന്ന രണ്ട് കെട്ടിടത്തിൽ ഒരു കെട്ടിടത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. ഈ കെട്ടിടത്തിന് സമീപമുള്ള ഷെഡ്ഡിലാണ് വെടിമരുന്ന് ശേഖരിച്ചിരുന്നതും നിർമാണ പ്രവർത്തനം നടന്നിരുന്നതും. ഈ കെട്ടിടത്തിനാണ് ലൈസൻസ് ഇല്ലാത്തത്. സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്ന ജാൻസൺ ജെയ്സന്‍റെ സഹോദരനാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജെയ്സന്‍റെ ബന്ധുവിൽ നിന്ന് വാടകക്ക് എടുത്ത കെട്ടിടത്തിലാണ് പടക്ക സംഭരണ ശാല പ്രവർത്തിച്ചിരുന്നത്. ഈ ബന്ധുവിനെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ന് പെസോ അധികൃതരും പോലീസ് സയന്‍റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തും. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്താനാകുമെന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് എറണാകുളം വരാപ്പുഴയിലെ പടക്ക സംഭരണ ശാലയിലുണ്ടായ ഉഗ്രസ്ഫോടനം നടന്നത്. ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഒരു കുട്ടിയുടെ നില അതിഗുരുതരമാണ്. വരാപ്പുഴ മുട്ടിനകം ഈരയിൽ ഡേവിസാണ് മരിച്ചത്.
പടക്കം സൂക്ഷിക്കാനായി രണ്ടുവർഷം മുമ്പ് വാടകക്കെടുത്ത മുട്ടിനകത്തെ ഒറ്റനില പടക്ക സംഭരണശാലയിലാണ് ആദ്യം സ്ഫോടനമുണ്ടായത്. ഇതോട് ചേർന്ന കെട്ടിടത്തിലാണ് 50 വർഷത്തോളമായി പടക്കനിർമാണശാല പ്രവർത്തിക്കുന്നത്. പരിക്കേറ്റ ജാൻസണിന്‍റെ മുത്തച്ഛനാണ് സ്ഥാപനം തുടങ്ങിയത്.