
കുട്ടിക്കാലത്ത് 6 പേർ തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ: തമിഴ് സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയിലാണ് വരലക്ഷ്മി ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്.
ചെന്നൈ: കുട്ടിക്കാലത്ത് നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ.
തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലാണ് വരലക്ഷ്മി ദുരനുഭവത്തെക്കുറിച്ച് പറഞ്ഞത്. താരം വിധികർത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാർത്ഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ പറഞ്ഞു.
തുടർന്നാണ്, തന്റെ കൂടി കഥയാണെന്ന് പറഞ്ഞ് വരലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്. മത്സരാർത്ഥിയെ കെട്ടിപ്പിടിച്ച് പിന്തുണ നല്‍കുകയും ചെയ്തു. അനുഭവം പറഞ്ഞ് വരലക്ഷ്മി വിതുമ്പുകയും ചെയ്തിരുന്നു. ‘എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്പോള്‍ എന്നെ പരിചരിക്കാൻ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്കാലത്ത് അഞ്ചോ ആറോ പേർ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്’, – വരലക്ഷ്മി പറഞ്ഞു.
തന്റെ സേവ് ശക്തി ഫൗണ്ടേഷൻ വഴി അതിജീവിതമാർക്ക് പിന്തുണ നല്‍കുന്നതിനെക്കുറിച്ചും അവർ പറഞ്ഞു. നടൻ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാർ. 2012ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി കസബ, കാറ്റ്, മാസ്റ്റർപീസ് എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചു.