വണ്ണപ്പുറം കൊലപാതകം: കൃഷ്ണനെയും മകനേയും കുഴിച്ചു മൂടിയത് ജീവനോടെ; സൂത്രധാരൻ അനീഷ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
തൊടുപുഴ: തൊടുപുഴ മുണ്ടൻകുടിയിലെ കൂട്ടക്കൊലപാതകത്തിന്റെ ചുരുൾ നിവരുന്നു. കുഴിച്ചിടുമ്പോൾ കൃഷ്ണനും മകനും ജീവനുണ്ടായിരുന്നതായി കണ്ടെത്തി. കേസിൽ പിടിയിലായ മുഖ്യപ്രതി കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി അനീഷ്. മന്ത്രവാദവും വൻ സാമ്പത്തിക ഇടപാടുകളും കൃഷ്ണൻ നടത്തിയിരുന്നുവെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു കൃഷ്ണനെയും കുടുംബത്തെയും ആക്രമിച്ചത്. ആക്രമണത്തിനിടെ കൊല്ലപ്പെട്ട കൃഷ്ണന്റെ മകളും അനീഷും തമ്മിൽ നടന്ന പിടിവലിക്കിടെ അനീഷിനു പരിക്കേറ്റു. കൃഷ്ണന്റെ വീട്ടിൽനിന്നു ലഭിച്ച അനീഷിന്റെ വിരലടയാളവും അന്വേഷണത്തിൽ നിർണായക തെളിവായി. കൃഷ്ണന്റെ വീട്ടിൽനിന്നു കാണാതായ സ്വർണാഭരണങ്ങൾ അനീഷിന്റെ വീട്ടിൽനിന്നു പോലീസ് കണ്ടെത്തി. മന്ത്രവാദം നടത്തുന്ന കൃഷ്ണനെ കൊലപ്പെടുത്തിയാൽ തനിക്കു മന്ത്രശക്തി ലഭിക്കുമെന്നു കരുതിയതായാണ് അനീഷ് കുറ്റകൃത്യം ചെയ്തതെന്ന് പോലീസിനു മൊഴി നൽകി. പിടിയിലായ പ്രധാന പ്രതികളായ രണ്ടുപേരെ ചോദ്യം ചെയ്തപ്പോൾ കൂട്ടക്കൊലയ്ക്ക് പിന്നിൽ വൻ സാമ്പത്തിക തട്ടിപ്പു സംഘമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. കൊലപാതകത്തിൽ ഇവർ നേരിട്ടു പങ്കെടുത്ത അടിമാലി തൊടുപുഴ സ്വദേശികളെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.