video
play-sharp-fill
പ്രതിയുടെ ജാമ്യം റദ്ദാക്കി ; മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു

പ്രതിയുടെ ജാമ്യം റദ്ദാക്കി ; മജിസ്‌ട്രേറ്റിനെ അഭിഭാഷകർ ചേംബറിൽ പൂട്ടിയിട്ടു

 

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മജിസ്ട്രേറ്റിനെ അഭിഭാഷകർ ചേർന്ന് ചേംബറിൽ തടഞ്ഞുവച്ചതായി പരാതി. വാഹനാപകട കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകരുടെ നടപടി. മജിസ്ട്രേറ്റിനെ പിന്നീട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയാണ് മോചിപ്പിച്ചത്.

വാഹനാപകട കേസിന്റെ വിചാരണയ്ക്കിടെ, പ്രതിയായ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയതായി വാദിയായ സ്ത്രീ മജിസ്ട്രേറ്റ് ദീപാ മോഹനു മുമ്പാകെ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജാമ്യം റദ്ദാക്കിക്കൊണ്ട് മജിസ്ട്രേറ്റ് ഉത്തരവ് ഇറക്കിയത്. ഇതോടെ അഭിഭാഷകർ പ്രതിഷേധവുമായി രംഗത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിമിനൽ നടപടിക്രമങ്ങൾ പാലിക്കാതെയാണ് മജിസ്ട്രേറ്റിന്റെ നടപടിയെന്ന് ബാർ അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

പ്രതിഷേധം കനത്തതോടെ ചേംബറിലേക്കു മടങ്ങിയ മജിസ്ട്രേറ്റിനെ തടഞ്ഞുവച്ചതായാണ് പരാതി. എന്നാൽ മജിസ്ട്രേറ്റിനെ പൂട്ടിയിട്ടിട്ടില്ലെന്നും പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

വാദം പൂർത്തിയാവും മുമ്പു തന്നെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റിന്റെ നടപടി ക്രിമിനൽ നടപടിച്ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെടുത്താനാണ് അഭിഭാഷകർ ശ്രമിച്ചത്. സീനിയർ ആയ അഭിഭാഷകൻ ഹാജരായ കേസ് ആണ്. പ്രതിഷേധിക്കാനായി അദ്ദേഹത്തിന്റെ ജൂനിയർ അഭിഭാഷകർ ഉൾപ്പെടെ എത്തി. ഇതാണ് പുൂട്ടിയിട്ടതായി വ്യാഖ്യാനിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു.

മജിസ്ട്രേറ്റ് ഫോണിൽ വിളിച്ച് പരാതി പറഞ്ഞതിനെത്തുടർന്നാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എത്തിയത് എന്നാണ് സൂചന. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോട് തങ്ങളും പരാതി അറിയിച്ചിരുന്നതായി ബാർ അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഈ മജിസ്ട്രേറ്റിന്റെ കോടതിക്കെതിരെ നേരത്തെയും പരാതി ഉണ്ടായിരുന്നെന്ന് അഭിഭാഷകർ പറയുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോടും ജില്ലാ ജഡ്ജിയോടും നേരത്തെ പരാതി പറഞ്ഞിരുന്നു. നടപടികൾ ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടായത്. മജിസ്ട്രേറ്റ് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിക്കാൻ ബാർ അസോസിയേഷൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.