play-sharp-fill
വനിതാ മതിൽ; എസ്എൻഡിപിയിൽ പൊട്ടിത്തെറി

വനിതാ മതിൽ; എസ്എൻഡിപിയിൽ പൊട്ടിത്തെറി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വനിതാമതിലിന്റെ സംഘാടകസമിതി ഇന്നു തിരുവനന്തപുരത്ത് ചേരും. എൽഡിഎഫിനെക്കൂടി അണിചേർത്ത് മതിൽ വിജയിപ്പിക്കാനാണ് സർക്കാർ തീരുമാനം. ശിവഗിരി തീർഥാടനത്തിന്റെ അവസാനദിവസമായ ജനുവരി ഒന്നിനു വനിതാമതിൽ സംഘടിപ്പിക്കുന്നത് എസ്.എൻ.ഡി.പിയിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. തുടർകാര്യങ്ങൾ ചർച്ച ചെയ്യാനാണ് ഇന്നു സമിതി യോഗം ചേരുന്നത്. സംഘാടക സമിതിയിൽ വനിതകളില്ലെന്ന ആക്ഷേപമുയർന്നതോടെ കഴിഞ്ഞ ദിവസം ചേർന്ന സംഘാടകസമിതിയോഗത്തിൽ കെ.ശാന്തകുമാരിയുടെ നേതൃത്വത്തിൽ 21 അംഗ സെക്രട്ടറിയേറ്റിനെയും തിരഞ്ഞെടുത്തിരുന്നു. വനിതാമതിൽ സർക്കാരിന്റെ അഭിമാന പ്രശ്‌നമായതോടെ അത് വിജയപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് മുന്നണിയോഗം ഒപ്പമുണ്ടാകുമെന്നുള്ള പരസ്യ പ്രഖ്യാപനം നടത്തിയതും ഇതിന്റെ സൂചനയാണ്. നവോത്ഥാനവും ലിംഗ സമത്വവും ഉയർത്തി വിദ്യാർഥിനികൾ, വനിതാ ക്ഷേമ വകുപ്പുകൾ എന്നിവയെ ഒപ്പം നിർത്തും. മതിലിനു മുന്നോടിയായി കലാലയങ്ങളിൽ വനിതാ സെമിനാറിനുള്ള നീക്കവും അണിയറയിൽ നടക്കുന്നുണ്ട്. ഇതിനിടയിലാണ് ശിവഗിരി തീർഥാടനത്തിന്റെ അവസാന ദിവസമായ ജനുവരി ഒന്നിനു നടക്കുന്ന വനിതാ മതിലിൽ എങ്ങനെ അണിനിരക്കുമെന്നുള്ള ആശങ്കയിലാണ് എസ്.എൻ.ഡി.പി. ശബരിമല യുവതീ പ്രവേശവുമായി വനിതാ മതിലിനു ബന്ധമില്ലെന്നും അതുകൊണ്ടു തന്നെ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളിയും അറിയിച്ചിരുന്നു.