play-sharp-fill
വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ

വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ


സ്വന്തം ലേഖകൻ

തിരുവനന്തപുരം: സർക്കാർ മുൻകൈയെടുത്ത് ജനുവരി ഒന്നിന് നടത്തുന്ന വനിതാമതിലിനെ പ്രതിരോധിക്കാൻ വനിതകളുടെ പടുകൂറ്റൻ റാലിക്കൊരുങ്ങി സംഘപരിവാർ. വനിതാ മതിലിൽ അണിനിരത്തുന്നതിനേക്കാൾ സ്ത്രീകളെ പങ്കെടുപ്പിച്ച് റാലി നടത്താനാണ് സംഘപരിവാർ ആലോചിക്കുന്നത്. 12ന് കൊച്ചിയിൽ ഹിന്ദുസംഘടനകളുടെ സംസ്ഥാനതല നേതൃയോഗം നടത്തുന്നുണ്ട്. ഈ യോഗത്തിൽ മതിലിനെതിരായ പ്രതിരോധ പരിപാടികൾ ആസൂത്രണം ചെയ്യും. റാലി എന്ന് നടത്തണമെന്നും തീരുമാനിക്കും. ശബരിമല കർമ്മ സമിതിയുമായി ബന്ധപ്പെടാത്ത ഹൈന്ദവ സംഘടനകളെക്കൂടി പുതിയ മുന്നേറ്റത്തിൽ സഹകരിപ്പിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത് . വനിതകളായ സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ എന്നിവരെ സർക്കാരും ഭരണകക്ഷിയും വനിതാ മതിൽ പ്രചാരണത്തിനായി രംഗത്തിറക്കിയാൽ ഇതേ വിഭാഗത്തെ ഉപയോഗിച്ച് എതിർപ്രചാരണം നടത്താനും നീക്കമുണ്ട്. സുപ്രീംകോടതിയിൽ റിവ്യൂ ഹർജി പരിഗണിക്കുമ്പോൾ കേരളത്തിലെ സ്ത്രീകൾ ശബരിമല യുവതീ പ്രവേശനത്തിന് അനുകൂലമാണ് എന്ന സന്ദേശം നൽകുന്നതിനാണ് സർക്കാർ വനിതാ മതിൽ നടത്തുന്നത് എന്നാണ് സംഘപരിവാർ സംഘടനകൾ പ്രചരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ യുവതീ പ്രവേശനത്തെ എതിർക്കുന്നവരെയെല്ലാം മതിലിൽ നിന്ന് പിന്തിരിപ്പിക്കുകയാണ് ലക്ഷ്യം. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഗൃഹസമ്പർക്ക പരിപാടികൾ ശബരിമല കർമ്മസമിതി നടത്തിവരികയാണ്. ശബരിമല സമരവുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യുന്നുണ്ട്. വനിതാ മതിൽ നടത്തുന്ന ജനുവരി ഒന്നിന് മുമ്പ് തന്നെ റാലി നടത്താനാണ് ആലോചന. വനിതാ മതിലിന് വേണ്ടത്ര ആളെ കിട്ടില്ല എന്നാണ് ഹിന്ദുസംഘടനകളുടെ വിലയിരുത്തൽ . അവസാന നിമിഷം മതിൽ ചില കേന്ദ്രങ്ങളിൽ മാത്രമായി ഒതുക്കാനും സാദ്ധ്യതയുണ്ടത്രെ. മതിൽ നടത്തുന്ന ദിവസം സമാന്തര പരിപാടി സംഘടിപ്പിക്കണമോ എന്ന കാര്യവും 12ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും.