
കോട്ടയം: സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളും സൈബർ ഇടങ്ങളിലെ ചതിക്കുഴികളും ചർച്ചചെയ്ത് വനിതാ കമ്മീഷൻ സെമിനാർ. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തിയ സംസ്ഥാനതല സെമിനാർ വനിതാ കമ്മീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പ്രതിസന്ധികളും വെല്ലുവിളികളും നേരിടുന്നതിന് വനിതകളെ പ്രാപ്തരാക്കുന്നതിനും സ്ത്രീശാക്തീകരണത്തിനും വനിതാകമ്മീഷന്റെ പ്രവർത്തനങ്ങൾ സഹായകമായെന്ന് അവർ പറഞ്ഞു. തൊഴിലിടങ്ങളിൽനിന്നോ വീടുകളിൽനിന്നോ സ്ത്രീകൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന അവസരങ്ങളിലെല്ലാം താങ്ങും തണലുമാകാൻ കമ്മീഷന് കഴിഞ്ഞു.
സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ കഴിഞ്ഞിരുന്ന ഒട്ടേറെ സ്ത്രീകളെ മുൻനിരയിലെത്തിക്കുന്നതിലും അഭിമാനബോധമുള്ളവരാക്കി മാറ്റുന്നതിലും കമ്മീഷന് ക്രിയാത്മകമായി ഇടപെടാനായെന്നും അവർ പറഞ്ഞു.ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പി.ആർ. അനുപമ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്, ജില്ലാപഞ്ചായത്തംഗം ജെസി ഷാജൻ, സെക്രട്ടറി പി.എസ്. ഷിനോ, വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി വൈ.ബി. ബീന, വനിതാ കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ. അർച്ചന എന്നിവർ പങ്കെടുത്തു.
സ്ത്രീകളും ആരോഗ്യവും എന്ന വഷയത്തിൽ ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ. ലതാകുമാരിയും സൈബർ ഇടങ്ങളിലെ ചതിക്കുഴികൾ എന്ന വിഷയത്തിൽ കേരളാ പോലീസിലെ സൈബർ എക്സ്പേർട്ട് ബി. ശ്യാംകുമാറും ക്ലാസ് എടുത്തു