
സ്വന്തം ലേഖകൻ
കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. കോട്ടയം മുട്ടുചിറയിലെ വീട്ടുവളപ്പിലാണ് ഡോ. വന്ദനയുടെ മൃതദേഹം സംസ്‌കരിച്ചത്. വന്‍ ജനാവലിയാണ് വന്ദനയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്ക് എത്തിയത്. മന്ത്രി വി എന്‍ വാസവന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സ്പീക്കര്‍ എഎന്‍ ഷംസീര്‍, തോമസ് ചാഴിക്കാടന്‍ എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തു.
ഡോ. വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അർപ്പിക്കാനും ആയിരങ്ങളാണ് കോട്ടയം മുട്ടുചിറയിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ഏക കൺമണിയെ വിട്ടുപിരിയാൻ കഴിയാതെ വിറങ്ങലിച്ച് നിൽക്കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കണ്ടുനിന്നവർക്കും തീരാനൊമ്പരമായി. കണ്ണ് നിറഞ്ഞ്, വിങ്ങിപ്പൊട്ടി ഒരു നാടും മുഴുവൻ, ഡോ. വന്ദനക്ക് യാത്രാമൊഴി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിന് സമീപം, അപ്പൂപ്പന്റെയും അമ്മൂമ്മയുടേയും ചിതയൊരുക്കിയതിന് തൊട്ടടുത്തായിട്ടാണ് വന്ദനയ്ക്ക് ചിതയൊരുക്കിയത്. രാവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മുട്ടുചിറയിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. മുട്ടുചിറ പട്ടാളമുക്കിലെ വീട്ടിലേക്ക് എത്തിച്ച മൃതദേഹത്തിൽ ഇന്നലെ മുതൽ ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തിരക്ക് കണക്കിലെടുത്ത് കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോ. വന്ദനദാസ് മാതാപിതാക്കളുടെ ഏകമകള്‍. ബിസിനസുകാരനായ അച്ഛന്‍ മോഹന്‍ ദാസും അമ്മ വസന്തകുമാരിയുമാണ് വന്ദനയുടെ മാതാപിതാക്കള്‍. വളരെ പ്രതീക്ഷയോടെ പഠിപ്പിച്ച് ഡോക്ടറാക്കിയ ഏക മകളുടെ വിയോഗം താങ്ങാനാകാതെ ഉരുകുകയാണ് വന്ദനയുടെ മാതാപിതാക്കള്‍.
കോട്ടയം കടുത്തുരുത്തിക്കടുത്ത് മുട്ടുചിറ പട്ടാളമുക്ക് സ്വദേശിയാണ് വന്ദന. വീടിന്റെ മതിലില്‍ ഡോ. വന്ദനദാസ് എംബിബിഎസ് എന്ന നെയിം ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മരണവിവരമറിഞ്ഞ് എത്തിയ ഏവരിലും ഈ ബോര്‍ഡ് നൊമ്പരക്കാഴ്ചയായി. അസീസിയ മെഡിക്കല്‍ കോളേജിലാണ് വന്ദന എംബിബിഎസ് പൂര്‍ത്തിയാക്കിയത്.
ഇന്നലെ രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ എത്തിച്ച പ്രതിയായ സന്ദീപ് ഡോക്ടർ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. തുടർന്ന് ഒരു നാടാകെ അന്ത്യാഞ്ജലി അർപ്പിച്ച് എത്തിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചത്.
കൊല്ലത്ത് ഡോ വന്ദന ദാസ് പഠിച്ച അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് മൃതദേഹം വീട്ടിലെക്ക് കൊണ്ടുവന്നത്. വന്ദനക്ക് കേന്ദ്ര മന്ത്രി വി.മുരളീധരൻ, എം പിമാർ, സ്പീക്കർ എ.ഷംസീർ, മന്ത്രിമാരായ വി.എൻ വാസവൻ, വീണാ ജോർജ്ജ്, റോഷി അഗസ്റ്റിൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാർ, മത, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ, വിവിധയിടങ്ങളിൽ നിന്നെത്തിയ ഡോക്ടർമാർ തുടങ്ങിയവരും ആദരാജ്ഞലി അർപ്പിച്ചു. വന്ദനയുടെ അമ്മയുടെ സഹോദരൻ വിനോദിൻ്റെ മകൻ നിവേദാണ് ചിതക്ക് തീകൊളുത്തിയത്.



