
സ്വന്തം ലേഖിക
കണ്ണൂർ: വന്ദേഭാരതില്‍ പുകവലിക്കരുതേ… ശൗചാലയത്തിനുള്ളില്‍ പുകവലിച്ചാലും വന്ദേ ഭാരത് താനെ നില്‍ക്കും. കേരളത്തിന്റെ പുതിയ വന്ദേ ഭാരത് യാത്രക്കാരുടെ പുകവലി കാരണം ഒരാഴ്ചയ്ക്കുള്ളില്‍ നിന്നത് രണ്ടുതവണ.
തിരൂര്‍, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് ശൗചാലയത്തിനുള്ളില്‍ കയറി യാത്രക്കാരൻ പുകവലിച്ചത് മൂലം ട്രെയിൻ നിന്നത്. വണ്ടി നിന്നതോടെ യാത്രക്കാര്‍ എല്ലാവരും പരിഭ്രാന്തരായി. തുടര്‍ന്ന് പരിശോധന നടത്തിയ ശേഷമാണ് യാത്ര തുടര്‍ന്നത്. പുകവലിച്ച യാത്രക്കാരില്‍നിന്ന് പിഴയീടാക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വന്ദേഭാരത് എക്സ്‌പ്രസില്‍ കോച്ച്, യാത്രക്കാര്‍ കയറുന്ന സ്ഥലം, ശൗചാലയത്തിനകം ഉള്‍പ്പെടെ സ്‌മോക്ക് ഡിറ്റക്ഷൻ സെൻസറുണ്ട്. പുകയുടെ അളവ് സെൻസറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഈ അളവില്‍ കൂടുതലായാല്‍ അവ പ്രവര്‍ത്തിക്കുകയും ലോക്കോ കാബിൻ ഡിസ്പ്ലേയില്‍ അലാറം മുഴങ്ങുകയും ചെയ്യും. അലാറം മുഴങ്ങിയാല്‍ വണ്ടി നിര്‍ത്തണമെന്നാണ് നിയമം. അലാറം മുഴങ്ങിയാല്‍ ഏത് കോച്ചില്‍, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനില്‍ കാണിക്കും. ഇതോടെ പുകയുടെ കാരണം വളരെ പെട്ടെന്ന് കണ്ടെത്താനും സാധിക്കും.
എന്നാല്‍ ശൗചാലയത്തിനുള്ളില്‍ ഇത്തരം സംവിധാനമുണ്ടെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും അറിയില്ല. ഇതോടെയാണ് പലരും പുക വലിക്കാനായി ശൗചാലയത്തിലേക്ക് ഓടുന്നത്. തിരുപ്പതി-സെക്കന്ദരാബാദ് വന്ദേഭാരത് എക്സ്‌പ്രസില്‍ പുകവലിച്ച യാത്രക്കാരൻ കസ്റ്റഡിയിലായത് വലിയ സംഭവമായിരുന്നു. വണ്ടിയില്‍ പുക ഉയരുകയും അപായ സൈറണ്‍ മുഴങ്ങുകയും ചെയ്തു. ഒരാള്‍ ശൗചാലയത്തില്‍ കയറി പുകവലിച്ചതായിരുന്നു കാരണം. സിഗരറ്റ് കുറ്റി മാലിന്യ ബോക്‌സിലിട്ടതും പുക ഉയരാൻ കാരണമായി.
നിലവില്‍ എല്‍.എച്ച്.ബി. വണ്ടികളിലെ എ.സി. കോച്ചുകളില്‍ സ്‌മോക്ക് സെൻസറുണ്ട്. പുക ഉയര്‍ന്നാല്‍ വണ്ടി താനെ നില്‍ക്കും. നേത്രാവതി എക്സ്‌പ്രസിലും ഇത് സംഭവിച്ചിരുന്നു. പരമ്പരാഗത ഐ.സി.എഫ്. കോച്ചുകളിലും (എ.സി.യില്‍) സെൻസര്‍ ഘടിപ്പിച്ചുവരുന്നുണ്ട്. ഇപ്പോഴിറങ്ങുന്ന ഏറവും പുതിയ എല്‍.എച്ച്.ബി. കോച്ചുകളിലെ ശൗചാലയത്തിലും സെൻസര്‍ വെച്ചിട്ടുണ്ട്. വണ്ടിയിലെ തീപ്പിടിത്തം ഉള്‍പ്പെടെ നേരത്തേ തിരിച്ചറിഞ്ഞ് സുരക്ഷയൊരുക്കുകയെന്നതാണ് ലക്ഷ്യം. അതിനാല്‍ വണ്ടിക്കകത്ത് പുകവലിച്ചാല്‍ വണ്ടി വൈകാനും പിഴയടയ്‌ക്കാനും കാരണമാകും