
ശ്രീനഗർ: കശ്മീര്‍ താഴ്വരയിലേക്കു വന്ദേഭാരത് എക്സ്പ്രസ് ആരംഭിച്ചത് കഴിഞ്ഞ ജൂണ്‍ ആറിനാണ്. എന്നാല്‍ ജൂണ്‍ മുതല്‍ ഇന്നുവരെ സര്‍വീസ് നടത്തിയ പോലെ അല്ല ഇനി മുതല്‍. ചില മാറ്റങ്ങള്‍ ഉണ്ടായിരിക്കും.
26401/26402 എന്നീ വന്ദേഭാരത് എക്സ്പ്രസുകളാണ് ജമ്മുവിലെ കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്നും ശ്രീനഗറിലേക്ക് സര്‍വീസ് നടത്തുന്നത്. 191 കിലോമീറ്ററുള്ള ഈ സര്‍വീസിന് മൂന്ന് മണിക്കൂര്‍ ആണ് വന്ദേഭാരത് ട്രെയിനില്‍ വേണ്ടി വരുന്നത്. ഒരു സ്റ്റോപ്പ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇനി മുതല്‍ രണ്ട് സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും.
കത്രയില്‍ നിന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് 11 മണിയോടെ ശ്രീനഗറിലെത്തും. ബനിഹാള്‍ റെയില്‍വെ സ്റ്റേഷനില്‍ മാത്രമാണ് ഇതുവരെ സ്റ്റോപ്പുണ്ടായിരുന്നത്. ഇനി മുതല്‍ റിയാസി സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിക്കാന്‍ നോര്‍ത്തേണ്‍ റെയില്‍വെ തീരുമാനിച്ചു. ഒക്ടോബര്‍ 29 മുതലാണ് പുതിയ മാറ്റം നിലവില്‍ വരിക. മിനുട്ടുകള്‍ മാത്രമാണ് മാറ്റം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ഭാഗത്തേക്കുള്ള യാത്രയ്ക്കിടയിലും രണ്ട് മിനുട്ട് ഇനി റിയാസി സ്റ്റേഷനിലും വന്ദേഭാരത് നിര്‍ത്തിയിടും. പ്രാദേശിക തലത്തില്‍ ആവശ്യം ശക്തമായതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്ന് സീനിയര്‍ ഡിവിഷണല്‍ കോമേഴ്സ്യല്‍ മാനേജര്‍ ഉചിത് സിംഗാള്‍ പറഞ്ഞു.
ഒട്ടേറെ വിനോദ സഞ്ചാരികളും തീര്‍ഥാടകരും റിയാസിയില്‍ കൂടി സ്റ്റോപ്പ് വേണം എന്ന് ആവശ്യപ്പെട്ടിരുന്നു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്നവര്‍ക്ക് വലിയ ഉപകാരമാകും റിയാസി സ്റ്റേഷനിലെ സ്റ്റോപ്പ്. മാത്രമല്ല, ചിനാബ് പാലം കാണാനെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഉപാകരമാകും.



