
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളത്തിൽ വന്ദേഭാരത് ട്രെയിൻ എത്തുന്നു. കൊച്ചി സന്ദർശത്തിനെത്തുന്ന പ്രധാനമന്ത്രി തിരുവനന്തപുരത്ത് വച്ച് ഏപ്രിൽ 25ന് വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഒഫ് നിർവഹിക്കും എന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള വന്ദേഭാരത് എക്സ്പ്രസായിരിക്കും കേരളത്തിൽ സർവീസ് നടത്തുക. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ മാത്രമായിരിക്കും സ്റ്റോപ്പുകൾ, ആറു സ്റ്റോപ്പുകളായിരിക്കും ഉണ്ടാകുക എന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.
ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്.
എട്ട് കോച്ചുള്ള വന്ദേഭാരത് ട്രെയിനായിരിക്കും ഓടുക. ഉയർന്ന വേഗത മണിക്കൂറിൽ 180 കിലോമീറ്ററാണെങ്കിലും, കുറഞ്ഞ വേഗതയായ മണിക്കൂറിൽ 110 കിലോമീറ്ററിൽ സർവീസ് നടത്താൻ ട്രാക്കുകൾ ബലപ്പെടുത്തുന്ന ജോലികൾ നടക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന വേഗതയേറിയ ട്രെയിൻ ജനശതാബ്ദിയാണ്. ശരാശരി 70കിലോമീറ്റർ വേഗത്തിലാണ് ജനശതാബ്ദി പോകുന്നത്. എന്നാൽ വന്ദേഭാരത് 90കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. അതായത് തിരുവനന്തപുരത്തുനിന്ന് രണ്ടര മണിക്കൂർ കൊണ്ട് എറണാകുളത്തെത്തും. അഞ്ച് മണിക്കൂറിൽ കോഴിക്കോട്ടും ആറുമണിക്കൂറിൽ കണ്ണൂരിലുമെത്തും. ഇപ്പോൾ രാജധാനിയാണ് (7.57മണിക്കൂർ) ഏറ്റവും വേഗത്തിൽ കണ്ണൂരിലെത്തുന്നത്.
തിരുവനന്തപുരത്തുനിന്ന് കണ്ണൂർ വരെ ഏകദേശം 1345 രൂപ ചെയർ കാറിനും ,2238 രൂപ എക്സിക്യൂട്ടീവ് കോച്ചിനും ടിക്കറ്റ് ചാർജ് വന്നേക്കും. 320 രൂപ കാറ്ററിംഗ് ചാർജ് ഉൾപ്പെടെയാണിത്. എറണാകുളം വരെ 605,1144 രൂപ, കോഴിക്കോട് വരെ 1130, 2138 രൂപ നിരക്ക് വന്നേക്കും.



