
കൊച്ചി: എയര്‍ ആംബുലന്‍സ് ലഭിച്ചില്ല., അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി 13കാരിയുടെ യാത്ര വന്ദേഭാരതില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്ന് വന്ദേഭാരതില്‍ എറണാകുളത്തെത്തിക്കുന്നത്.
പെൺകുട്ടിയെ ഏഴ് മണിയോടെ ലിസി ആശുപത്രിയിൽ എത്തിക്കുക എന്നതാണ് ദൗത്യം. തിരുവനന്തപുരം ശ്രീചിത്രയിലായിരുന്നു പെൺകുട്ടി ചികിത്സയിൽ കഴിഞ്ഞിരുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലും ചികിത്സ തേടിയിരുന്നു. ഹൃദയശസ്ത്രക്രിയക്കുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ഇന്ന് ഉച്ചയോടെയാണ് അറിയിപ്പ് എത്തിയത്.
അടിയന്തരമായി എത്തണമെന്ന് അറിയിച്ചതോടെ എയർ ആംബുലൻസിന്റെ സഹായം തേടിയെങ്കിലും അത് കിട്ടാതെ വന്നതോടെയാണ് ട്രെയിൻ മാർഗം എറണാകുളത്തേക്ക് പോകാൻ കുടുംബം തീരുമാനിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത ഹൃദയമാറ്റശസ്ത്രക്രിയ കൊച്ചിയിലാണ് നടക്കാന്‍ സാധ്യത എന്നതിനാല്‍ ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് മാറ്റിവെക്കാനുള്ള ഹൃദയം ലഭിച്ചിട്ടുണ്ടെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ലഭിക്കുന്നത്. അടിയന്തരമായി ആശുപത്രിയിലെത്താന്‍ നിര്‍ദേശം ലഭിക്കുകയും ചെയ്തു.
കുട്ടിയെ എയര്‍ ആംബുലന്‍സില്‍ എത്തിക്കാനുള്ള ശ്രമം കൊല്ലം എംപി. എന്‍.കെ പ്രേമചന്ദ്രന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാല്‍ എയര്‍ ആംബുലന്‍സ് ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് എംപി ക്വാട്ടയില്‍ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയിലെത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. ആശുപത്രിയിലെത്തിച്ചയുടനെ പരിശോധനകള്‍ക്ക് ശേഷം അടിയന്തരശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം.