വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ കേസെടുത്ത് ആര്‍പിഎഫ്; തന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസില്‍ തന്റെ പോസ്റ്റര്‍ പതിച്ച സംഭവത്തെ കുറിച്ച്‌ അറിയില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി.

തന്റെ അറിവോടെയോ സമ്മതത്തോടെയോ ആരും പോസ്റ്റര്‍ ഒട്ടിച്ചിട്ടില്ലെന്നും ബിജെപി സമൂഹ മാദ്ധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും ശ്രീകണ്ഠന്‍ പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംഭവത്തില്‍ ആര്‍ പി എഫ് കേസെടുത്തിട്ടുണ്ട്. ഷൊര്‍ണൂര്‍ ആര്‍ പി എഫിന് യുവമോര്‍ച്ച പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം-കാസര്‍കോട് വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ വിന്റോ ഗ്ളാസിന് മുകളിലാണ് വി കെ ശ്രീകണ്ഠന്‍ എം പിയുടെ പോസ്‌റ്റര്‍ പതിച്ചത്. പാലക്കാട് ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എം.പി വി.കെ ശ്രീകണ്‌ഠന് അഭിവാദ്യങ്ങളര്‍പ്പിച്ച്‌ പോസ്‌റ്റര്‍ ഒട്ടിച്ചത്.

ഉടന്‍ തന്നെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി പോസ്‌റ്ററുകള്‍ നീക്കി.
വന്ദേ ഭാരത് എക്‌സ്‌പ്രസിന് ആദ്യഘട്ടത്തില്‍ ഷൊര്‍ണൂരില്‍ സ്‌റ്റോപ്പുണ്ടായിരുന്നില്ല. പിന്നീട് ഇക്കാര്യം ആവശ്യപ്പെട്ട് വി.കെ ശ്രീകണ്‌ഠന്‍ എം.പി റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും കേന്ദ്ര റെയില്‍വെ മന്ത്രിയെ കണ്ട് ഷൊര്‍ണൂരും ചെങ്ങന്നൂരും സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.