
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. വകുപ്പ് മേധാവി ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ശസ്ത്രക്രിയ നടത്തിയ ഡോ.ഷാഹിദയോ മറ്റുള്ളവരോ പ്രതികളല്ല. മനുഷ്യജീവനും വ്യക്തിസുരക്ഷയ്ക്കും അപകടകരാമാം വിധം പ്രവർത്തിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ബിഎൻഎസ് 125, 125 (a) വകുപ്പുകളാണ് ചേർത്തിയിരിക്കുന്നത്. ഉഷ ജോസഫിന്റെ ബന്ധു നൽകിയ പരാതിയിലാണ് അമ്പലപ്പുഴ പൊലീസ് കേസെടുത്തത്. കൂടുതൽ പേരെ പ്രതി ചേർത്തേക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, ഉഷയുടെ പരാതിയിൽ അന്വേഷണം നടത്തിയ വിദഗ്ദ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.
തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലെ വിദഗ്ദ്ധരാണ് അന്വേഷണം നടത്തിയത്. ശസ്ത്രക്രിയയ്ക്കിടെ സ്ത്രീയുടെ വയറ്റിൽ ശാസ്ത്രകിയ ഉപകരണം കുടുങ്ങിയതിൽ വീഴ്ച സംഭവിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോ. ഷാഹിദയയെയും നഴ്സിംഗ് ഓഫീസർ ധന്യയെയും ഇന്നലെ രാത്രി തന്നെ സസ്പെൻഡ് ചെയ്തു. വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
ശസ്ത്രക്രിയ സമയത്ത് യൂണിറ്റ് ചീഫായിരുന്ന ഡോ.ലളിതാംബിക സർവീസിൽ നിന്ന് വിരമിച്ചതിനാൽ, ഇവർക്ക് എതിരായ നടപടിയിലും ആരോഗ്യവകുപ്പ് ഉടൻ തീരുമാനം എടുക്കും. ഇവർക്കെതിരെ കൈക്കൂലി ആരോപണവും പരാതിക്കാർ ഉന്നയിച്ചിരുന്നു.



