
വഞ്ചിനാടിലെ യാത്രക്കാരോട് വഞ്ചനയാണിത്: വഞ്ചിനാട് എക്സ്പ്രസ്സിനെ കായംകുളം ജംഗ്ഷൻ മുതൽ പല സ്റ്റേഷനുകളിൽ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധവുമായി ഫ്രണ്ട്‌സ് ഓൺ റെയിൽസ്
കോട്ടയം: പുലർച്ചെ 05.05 ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന 16303 വഞ്ചിനാട് എക്സ്പ്രസ്സിനെ കായംകുളം ജംഗ്ഷൻ മുതൽ പല സ്റ്റേഷനുകളിൽ പിടിച്ചിടുന്നതിനെതിരെ പ്രതിഷേധമുയരുന്നു.
എറണാകുളം മുതൽ കായംകുളം വരെ എല്ലാ സ്റ്റേഷനിലും മിനിറ്റുകൾക്ക് മുമ്പേ എത്തിച്ചേരുന്ന വഞ്ചിനാടിനെയാണ് കായംകുളം കഴിഞ്ഞാൽ റെയിൽവേ പിടിച്ചിട്ട് ദുരിതയാത്ര സമ്മാനിക്കുന്നത്.
കായംകുളത്ത് കൃത്യസമയത്ത് എത്തിച്ചേരുന്ന വഞ്ചിനാട് ആലപ്പുഴ വഴിയുള്ള 16341 ഇന്റർസിറ്റി കടന്നുപോകാൻ പിടിച്ചിടുന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.
കായംകുളത്ത് നിന്ന് 10 മുതൽ 25 മിനിറ്റ് വരെ വൈകിപുറപ്പെടുന്നത് മൂലം ഇരു ട്രെയിനുകളെയും ആശ്രയിക്കുന്നവർക്ക് ഓഫീസ് സമയം പാലിക്കാൻ കഴിയുന്നില്ല. ഇന്റർസിറ്റി വൈകിയാലും ആദ്യം കായംകുളമെത്തിയ വഞ്ചിനാടിനെ പിടിച്ചിടുന്നത് യാത്രക്കാരെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ആദ്യം വഞ്ചിനാടിന് സിഗ്നൽ നൽകിയാൽ ഇരു ട്രെയിനുകളും എങ്ങും പിടിച്ചിടാതെ 10 മണിക്ക് മുമ്പ് തന്നെ സെൻട്രലിൽ എത്താവുന്നതാണ്.
കായംകുളം ജംഗ്ഷനിൽ ആദ്യമെത്തുന്ന വഞ്ചിനാടിലെ യാത്രക്കാർ ഇന്റർസിറ്റിയിലേക്ക് മാറി കയറുന്നതും വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതാണ്. പ്ലാറ്റ് ഫോമിൽ ഇറങ്ങി ഇന്റർസിറ്റിയുടെ അനൗൺസ്മെന്റും ശ്രദ്ധിക്കുകയും ട്രാക്കിലൂടെ ഓടി ട്രെയിൻമാറിക്കയറുന്നതും ഇവിടെ സ്ഥിരം സംഭവമാണ്.
ചിലദിവസങ്ങളിൽ കായംകുളത്ത് നിന്ന് വഞ്ചിനാടിന് ആദ്യം സിഗ്നൽ നൽകിയാലും ചെറുസ്റ്റേഷനുകളിൽ പിടിച്ചിട്ട് ഇന്റർസിറ്റിയെ കടത്തി വിടാറുണ്ട്. വഞ്ചിനാട് ഇടക്കുള്ള ലൂപ്പ് ലൈനിൽ സ്റ്റെഡിയാകുന്നത് വരെ ഇന്ററിനെ പിറകിലെ സ്റ്റേഷനിൽ പിടിക്കേണ്ട സാഹചര്യവും വരുന്നു.
ഒരേ ക്യാറ്റഗറിയിലുള്ള ട്രെയിനുകൾക്ക് വ്യത്യസ്ത പരിഗണന നൽകുന്നത് മൂലം രണ്ട് ട്രെയിനുകളും വൈകുകയാണ്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് എറണാകുളം ജംഗ്ഷനിലെത്താൻ ബഫർ ടൈം ഉൾപ്പടെ വേണാട് എക്സ്പ്രസ്സിന് നൽകിയ സമയത്തെക്കാൾ 20 മിനിറ്റ് കൂടുതലാണ് എതിർദിശയിൽ അത്രയും സ്റ്റോപ്പ് പോലുമില്ലാത്ത വഞ്ചിനാട് എക്സ്പ്രസ്സിന് നൽകിയിരിക്കുന്നത്. നേരത്തെ വീടുകളിൽ നിന്നിറങ്ങി സ്റ്റേഷനിലും ട്രെയിനിലും കയറിപറ്റുന്നവരെ റെയിൽവേ അക്ഷരാർത്ഥത്തിൽ ദ്രോഹിക്കുകയാണ്.
കോട്ടയം സ്റ്റേഷനിലൊക്കെ സമയക്രമത്തിനും മുമ്പ് എത്തുന്ന ട്രെയിനാണ് കായംകുളം മുതൽ പിടിച്ചിട്ട് വൈകിപ്പിക്കുന്നത്. വഞ്ചിനാടിന്റെ ബഫർ ടൈം ഒഴിവാക്കിയാൽ 09.30 ന് സെൻട്രലിലെത്താവുന്നതാണ്. എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന സമയം അരമണിക്കൂർ വരെ മുന്നോട്ടാക്കി ക്രമീകരിച്ചാലും കായംകുളം മുതൽ ഇപ്പോഴോടിയെത്തുന്ന സമയക്രമത്തിൽ തന്നെ രാവിലെ 10.00 ന് തിരുവനന്തപുരമെത്തിച്ചേരാൻ സാധിക്കുന്നതാണ്..
സമയത്തിന് യാതൊരു വിലയും നൽകാതെ വഞ്ചിനാടിലെ യാത്രക്കാരെ വട്ടം ചുറ്റിയ്ക്കുകയാണ് ഓരോ ദിവസവും റെയിൽവേ. വഞ്ചിനാടിന് കായംകുളം മുതൽ പിടിച്ചിടുന്ന സമയം ഏറ്റുമാനൂർ സ്റ്റേഷനിൽ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവദിച്ചാൽ നിരവധി യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ്. കോട്ടയം ജില്ലയുടെ കിഴക്കേ കവാടമായ ഏറ്റുമാനൂർ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്ത് ഷെഡ്യൂൾഡ് സമയത്തിനും മിനിറ്റുകൾക്ക് മുമ്പേ എത്തിച്ചേരുന്നതിനാൽ നിലവിലെ സമയക്രമം പോലും മാറ്റേണ്ടി വരുന്നില്ല.എന്നാൽ പിടിച്ചിടുന്ന സമയം ആർക്കും ഉപകാരപ്പെടുരുതെന്ന പിടിവാശിയിലാണ് റെയിൽവേ.
വഞ്ചിനാടിലെ യാത്രക്കാരോടുള്ള ചിറ്റമ്മ നയത്തിനെതിരെ മനുഷ്യാവകശ സംഘടനയുടെ ഇടപെടൽ ഉണ്ടായെങ്കിലും ട്രെയിൻ ഷെഡ്യൂൾ തീരുമാനിക്കാൻ അധികാരം മറ്റാർക്കുമില്ലെന്ന ധിക്കാരപരമായ നിലപാടാണ് റെയിൽവേ സ്വീകരിക്കുകയുണ്ടായത്.. കായംകുളം മുതൽ ഓരോ സ്റ്റേഷനിലും പിടിച്ചിടുന്ന ട്രെയിൻ പേട്ടയിൽ പിടിക്കാതെ പതിവായി ഗതാഗത സൗകര്യമില്ലാത്ത ഔട്ടറിൽ പിടിക്കുന്നത് ബന്ദിയാക്കുന്നതിന് സമമാണെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ആരോപിച്ചു. പേട്ടയിൽ സ്റ്റോപ്പ് അനുവദിക്കുകയെന്നത് യാത്രക്കാരുടെ വർഷങ്ങളയുള്ള ആവശ്യമാണ്. തലസ്ഥാനത്തെ പല ഓഫീസുകളിലേയ്‌ക്കും പേട്ടയിൽ നിന്ന് ഗതാഗത സൗകര്യമുണ്ട്. എന്നാൽ ഔട്ടറിൽ പിടിക്കുന്നത് കൊണ്ട് ആർക്കും പ്രയോജനം ലഭിക്കുന്നില്ലെന്ന് മാത്രമല്ല കടുത്ത മാനസിക സമ്മർദ്ദമാണ് റെയിൽവേ യാത്രക്കാർക്ക് സമ്മാനിക്കുന്നത്
ഒരേ ശ്രേണിയിലുള്ള ട്രെയിനുകളിൽ ആദ്യമെത്തിയ ട്രെയിൻ പിറകിൽ വരുന്ന മറ്റു ട്രെയിനുകൾക്ക് വേണ്ടി പിടിച്ചിടരുതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് റെയിൽവേ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നിവേദനം കൊടുത്തിരുന്നു. ആദ്യമെത്തിയ ട്രെയിനിൽ ഓഫീസിൽ നേരത്തെ എത്താമെന്ന് കരുതി കയറുന്നവരെ കബളിപ്പിക്കുകയാണ് പലപ്പോഴും റെയിൽവേ ചെയ്യുന്നത്. കൺട്രോളിഗിലെ ജീവനക്കാർ യാത്രക്കാരുടെ സമയമെടുത്താണ് ട്രിപ്പീസ് കളിക്കുന്നത്. എന്തുചെയ്യണമെന്നറിയാതെ നിസ്സഹായരായി തീർന്നിരിക്കുകയാണ് യാത്രക്കാർ.