
തിരുവനന്തപുരം: കൊട്ടിഘോഷങ്ങളില്ലാതെയെത്തി ബോക്സ് ഓഫീസില്‍ ബ്ലോക്ബസ്റ്റർ വിജയം നേടിയ ഒരുപാട് ചിത്രങ്ങള്‍ വെള്ളിത്തരയില്‍ വിസ്മയം തീർത്ത ഒരു വർഷമാണ് കടന്നുപോയത്.
സൂപ്പർ താരങ്ങളുടെ ചിത്രങ്ങളും റെക്കോർഡുകള്‍ ഭേതിച്ച് 2025 ല്‍ മഹാവിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. 2026 ലും ചെറുതും വലുതുമായ ഒരുപാട് ചിത്രങ്ങളാണ് റിലീസിന് തയ്യാറെടുക്കുന്നത്.
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ 20 ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്തിറക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർത്ഥ പേജ് വ്യൂസിന്റെ അടിസ്ഥാനത്തിലാണ്, 2026-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 20 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക ഐഎംഡിബി പുറത്തിറക്കിയിരിക്കുന്നത്. ഏതൊക്കെയെന്ന് നോക്കാം.
10 ഹിന്ദി സിനിമകളുമായി ബോളിവുഡ് പട്ടികയില്‍ മുൻപന്തിയിലുണ്ട്. അഞ്ചു തെലുങ്ക് ചിത്രങ്ങളും, മൂന്നു തമിഴ് ചിത്രങ്ങളും, ഒരു മലയാളം ചിത്രവും, ഒരു കന്നഡ ചിത്രവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഷാരൂഖ് ഖാന്റെ ‘കിംഗ്’ ആണ് ഈ വർഷത്തെ ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 2023 ല്‍ പുറത്തിറങ്ങിയ ‘ഡങ്കി’ എന്ന ചിത്രത്തില്‍ അവസാനമായി അഭിനയിച്ച ഷാരൂഖിന്റെ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് കിംഗ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്‍ബീർ കപൂറും യാഷും പ്രധാനവേഷങ്ങളിലെത്തുന്ന ‘രാമായണം പാർട്ട് 1’ ആണ് പട്ടികയിലെ കണ്ടാമത്തെ ചിത്രം. സെൻസർ ബോർഡ് അനുമതി നിഷേധിച്ചതോടെ റിലീസ് അനിശ്ചതത്വത്തിലായ വിജയ് ചിത്രം ‘ജനനായകൻ’ ആണ് പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാമത് ചിത്രം. പ്രഭാസും തൃപ്തി ദിമ്രിയും ഒന്നിക്കുന്ന സന്ദീപ് റെഡ്ഡി വംഗ ചിത്രം ‘സ്പിരിറ്റ്’ നാലാമതും, യാഷിന്റെ ‘ടോക്സിക്’ അഞ്ചാം സ്ഥാനത്തും എത്തി.
നിവിൻ പോളിയെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ ‘ബെൻസും’ (17-ാം സ്ഥാനം) കാത്തിരിക്കുന്ന ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ ഹൈപ്പിന്റെ പ്രധാന കാരണം. പ്രതീക്ഷയുള്ള ചിത്രങ്ങളുടെ പട്ടികയില്‍ 19-ാം സ്ഥാനത്തായി മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മള്‍ട്ടി-സ്റ്റാർ ചിത്രം ‘പേട്രിയറ്റും’ ഇടംനേടിയിട്ടുണ്ട്.




