ഒരു പാവപ്പെട്ട കുടുംബത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ ദ്രോഹിക്കുന്നു: മരം വീണ് വീട് തകർന്നതിന്റെ നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷ പോലും ഉദ്യോഗസ്ഥർ മുക്കി ;വനം വകുപ്പ് ഓഫീസിന് മുന്നിൽ സമരത്തിന് കുടുംബം

Spread the love

എരുമേലി: സ്വന്തമായി ആകെയുള്ള രണ്ടു സെന്‍റ് ഭൂമിയിലെ ചെറിയ വീട്ടില്‍ കഴിയുന്ന നിർധന കുടുംബം എരുമേലി ഫോറസ്റ്റ് ഓഫീസിലെ അനാസ്ഥമൂലം വീട് ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയില്‍.
ശ്രീനിപുരം കോളനിയില്‍ കാവുങ്കല്‍ വത്സമ്മ, മകൻ രഞ്ജിത്ത്, ഭാര്യ, മകൻ എന്നിവർ ഉള്‍പ്പെടുന്ന കുടുംബമാണ് അപകടഭീഷണിയില്‍ കഴിയുന്നത്. വീടിന്‍റെ തൊട്ടടുത്ത് വനംവകുപ്പിന്‍റെ തേക്കിൻകൂപ്പാണ്. പഴക്കമേറിയ തേക്കുമരങ്ങള്‍ വീടിനു സമീപത്ത് വേരറ്റു മറിഞ്ഞുവീഴുന്ന നിലയിലാണ്.

നഷ്ടപരിഹാരമില്ല

കഴിഞ്ഞ ദിവസം വീടിന് അടുത്തേക്ക് വനത്തിലെ വലിയ തേക്ക് കടപുഴകി വീണു. 2018ല്‍ മൂന്നു തേക്കുകള്‍ വീടിനു മുകളില്‍ വീണ് വീട് തകർന്നതാണ്. ഇതിനു നഷ്ടപരിഹാരം തേടി എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ ഒരു നടപടിയുമുണ്ടായില്ല. കഴിഞ്ഞ ദിവസം തേക്ക് വീണ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അനങ്ങുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം മരം വീഴുമ്ബോള്‍ രഞ്ജിത്തും കുടുംബവും കൂടാതെ അയല്‍പക്കത്തെ ആറു കുട്ടികളും വീട്ടിലുണ്ടായിരുന്നു. മരം വീട്ടിലേക്കു വീണിരുന്നെങ്കില്‍ വലിയ ദുരന്തമായി മാറുമായിരുന്നു. അങ്ങനെ സംഭവിക്കാതെ ഇവരുടെയെല്ലാം ജീവൻ രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ.

ഓട്ടോ വിറ്റു കടംവീട്ടി

2018ല്‍ മൂന്നു തേക്കുമരങ്ങള്‍ വീണപ്പോള്‍ വീടിന്‍റെ മേല്‍ക്കൂര ഉള്‍പ്പെടെ തകർന്നിരുന്നു. നിർമാണം നടത്തി വീടിന്‍റെ കേടുപാടുകള്‍ മാറ്റാനെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ രഞ്ജിത്ത് തന്‍റെ ഓട്ടോറിക്ഷ വിറ്റാണ് കടം വീട്ടിയത്. ഇതോടെ കൂലിപ്പണി നടത്തിയാണ് രഞ്ജിത്ത് കുടുംബം പോറ്റുന്നത്. 2011ല്‍ ഒരു അപകടത്തിലേറ്റ പരിക്കുമൂലം രഞ്ജിത്തിന്‍റെ വലതുകൈ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തതാണ്. ഇതുമൂലം ശ്രമകരമായ ജോലികള്‍ ചെയ്യാൻ കഴിയില്ല.

കഴിഞ്ഞ ദിവസം തേക്ക് വീണ വിവരം പറയാൻ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ചെന്ന രഞ്ജിത്തിനോട്‌ ഭീഷണിയായ ആറ് തേക്ക് മരങ്ങള്‍ വെട്ടിമാറ്റാൻ അനുമതി ആയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മരങ്ങള്‍ വെട്ടിമാറ്റുന്നതിന്‍റെ ചെലവ് വനംവകുപ്പ് വഹിക്കില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥർ മരങ്ങള്‍ വെട്ടിയിട്ടാല്‍ വനംവകുപ്പ് ലേലം ചെയ്യുമെന്നും വ്യക്തമാക്കി.

അപേക്ഷ‌ ഓഫീസിലില്ല

2018ല്‍ മരങ്ങള്‍ വീണ് വീട് തകർന്നതിന്‍റെ നഷ്ടപരിഹാരം തേടി നല്‍കിയ അപേക്ഷയില്‍ തുടർ നടപടികള്‍ അറിയാൻ ഏഴു വർഷമായി ഓഫീസില്‍ കയറി‍യിറങ്ങുകയാണെന്നും അപേക്ഷ ഓഫീസില്‍ കാണുന്നില്ല എന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടിയെന്നും രഞ്ജിത്ത് പറഞ്ഞു. അപേക്ഷ നല്‍കിയതിന്‍റെ പകർപ്പ് തെളിവായി രഞ്ജിത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഇത് ഉള്‍പ്പെടെ വനംവകുപ്പിലെ അനാസ്ഥയ്ക്കെതിരേ ഫോറസ്റ്റ് ഓഫീസിനു മുമ്ബില്‍ കുടുംബവുമായി സമരം നടത്താനൊരുങ്ങുകയാണ് രഞ്ജിത്ത്.

കോവിഡ് കാലത്ത് സൗജന്യമായി നൂറുകണക്കിനു പേരെ ആശുപത്രികളില്‍ എത്തിച്ച ഓട്ടോ ഡ്രൈവറാണ് ജീവൻ രക്ഷിക്കാൻ കുടുംബവുമായി സ്വന്തം വീട് ഉപേക്ഷിച്ചു പോകേണ്ട സ്ഥിതിയിലെത്തിയിരിക്കുന്നത്.