ചാമ്പ്യൻസ് ബോട്ട് ലീഗ് താഴത്തങ്ങാടി വള്ളംകളി ശനിയാഴ്ച
സ്വന്തം ലേഖകൻ
കോട്ടയം: നെഹ്‌റു ട്രോഫിയുടെ ആവേശമടങ്ങും മുമ്പ് ചാമ്പ്യൻസ് ബോട്ട് ലീഗിലെ രണ്ടാമത്തെ പോരാട്ടത്തിന് ശനിയാഴ്ച കേരളത്തിലെ ഒൻപത് ചുണ്ടൻ വള്ളങ്ങൾ മീനച്ചിലാറ്റിറങ്ങുന്നു. കായികാവേശവും കലാവിരുന്നും സമന്വയിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിനുള്ള തയ്യാറെടുപ്പുകൾ താഴത്തങ്ങാടിയിൽ പൂർത്തിയായി.
സി.ബി.എല്ലിലെ ആദ്യ മത്സരമായ നെഹ്‌റു ട്രോഫിയിൽ ജേതാക്കളായ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിൻറെ നടുഭാഗം ചുണ്ടനാണ് കോട്ടയത്ത് പോരാട്ടത്തിനിറങ്ങുന്ന വള്ളങ്ങളിലെ താരം. രണ്ടാം സ്ഥാനം നേടിയ കൈനകരി യു.ബി.സിയുടെ ചമ്പക്കുളം ചുണ്ടനും മൂന്നാം സ്ഥാനത്തെത്തിയ പോലീസ് ബോട്ട് ക്ലബ്ബിന്റെ കാരിച്ചാൽ ചുണ്ടനും ഒപ്പമുണ്ട്.
ഉച്ചയ്ക്ക് 12ന് കലാവിരുന്നോടെ ആരംഭിച്ച് സി.ബി.എലിന്റെ ഭാഗമായ ചുണ്ടൻ വള്ളങ്ങളുടെ ഫൈനലോടെ അഞ്ചിന് സമാപിക്കും വിധമാണ് ക്രമീകരണങ്ങൾ. ജോനാഥന്റെ ഡി.ജെ, ചെമ്മീൻ ബാൻഡിൻറെ കലാപരിപാടി എന്നിവയോടെയാണ് ജലോത്സവ വേദി ഉണരുക. വിവിധ വിഭാഗങ്ങളിലെ ഫൈനൽ മത്സരങ്ങൾക്കു മുന്നോടിയായി തിരുവാതിര കളി, വേലകളി, ശിങ്കാരിമേളം, കളരിപ്പയറ്റ്, കഥകളി എന്നിവയുമുണ്ടാകും.
വള്ളംകളിയുടെ ക്രമീകരണങ്ങൾ ടൂറിസം സെക്രട്ടറി റാണി ജോർജ് വിലയിരുത്തി. ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ഡെപ്യൂട്ടി കളക്ടർ അലക്‌സ് ജോസഫ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ പൂർണമായും ഹരിത ചട്ടം പാലിച്ചാണ് സി.ബി.എൽ നടത്തുന്നത്. മത്സര വേദിയിലും പരിസരത്തും പ്ലാസ്റ്റിക് വസ്തുക്കൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു അറിയിച്ചു. നഗരസഭയുടെ ഹരിത കർമ്മസേനയും സി.എം.എസ് കോളേജിലെ നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാരും ഹരിതചട്ട ബോധവത്കരണവുമായി മത്സര വേദിയിലുണ്ടാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group