വള്ളനാട് ബ്ലോക്ക് പഞ്ചായത്തില്‍ ഭരണ സമിതി അറിയാതെ നവകേരള സദസിന് സെക്രട്ടറി പണം നല്‍കിയതില്‍ പ്രതിഷേധിച്ച്‌; ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ യു.ഡി.എഫ് ഭരണസമിതി ഉപരോധിച്ചു

Spread the love

 

തിരുവനന്തപുരം : നവകേരളസദിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പണം നല്‍കിയതിനെ തുടർന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ബി.ഡി.ഒയെ ഉപരോധിച്ചു.ഇന്നലെ രാവിലെ 10ഓടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ജീവനെയാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ കമല്‍രാജ്, വികസന ചെയര്‍പേഴ്സണ്‍ സരള ടീച്ചര്‍, അംഗങ്ങളായ മുഹമ്മദ് ഷാജി, ടി.സുനില്‍കുമാര്‍, വിജയൻ ഫര്‍സാന എന്നിവര്‍ ചേര്‍ന്ന് ഓഫീസിലെ വൈദ്യുതി ബന്ധം വേര്‍പെടുത്തിയ ശേഷം സെക്രട്ടറിയുടെ വാതില്‍ പൂട്ടി തടഞ്ഞു വയ്ക്കുകയായിരുന്നു.

ഇതിനിടെ സമീപത്തുള്ള വെള്ളനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ ഭരണസമിതിക്ക് പിൻതുണയുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയത് പ്രതിപക്ഷവുമായി വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ പുറത്താക്കി. കാട്ടാക്കട ഡി.വൈ.എസ്.പി ഷിബു, ആര്യനാട് എസ്.ഐ. ഷീന എന്നിവരുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് 12ഓടെ ഭരണസമിതി അംഗങ്ങളെ അറസ്റ്റുചെയ്തു.

കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ എത്തിയാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. അതേസമയം സര്‍ക്കാരിന്റെ ഉത്തരവിൻ പ്രകാരമാണ് നവ കേരള സദസിന് പണം നല്‍കിയതെന്നും തടഞ്ഞുവെച്ചതില്‍ പരാതിയില്ലെന്നും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.കോണ്‍ഗ്രസ് അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കിയതില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് ബ്ലോക്ക് ജന പ്രതിനിധികള്‍ ആര്യനാട് പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടി അരുവിക്കര കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെള്ളനാട് ജ്യോതിഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group