
കുമരകം: 122-ാമത് ശ്രീനാരായണ ജയന്തി കുമരകം ജലോത്സവത്തിൽ ട്രാേഫി സ്വന്തമാക്കി തുരുത്തിത്തറ. ആദ്യാവസാനം വരെ ആവേശം വാരിവിതറിയ പോരാട്ടത്തിൽ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പി ജി കർണ്ണനെ പിന്തള്ളിയാണ് തുരുത്തിത്തറ ട്രോഫിയിൽ മുത്തമിട്ടത്. ഇക്കുറി കളിവള്ളങ്ങളുടെ സാന്നിധ്യം കുറവായിരുന്നെങ്കിലും ഫൈനൽ മത്സരങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് ആവേശം ജനിപ്പിക്കുന്നവയായിരുന്നു.
ട്രാേഫി നേടിയ തുരുത്തിത്തറ വള്ളം തുഴഞ്ഞത് കുമരകം സൗത്ത് ബോട്ട് ക്ലബാണ്. കുമരകം യുവശക്തി ബോട്ട് ക്ലബിന്റെ പി ജി കർണ്ണനാണ് രണ്ടാം സ്ഥാനം. രണ്ടാം തരം ഇരുട്ടുകുത്തി വിഭാഗത്തിൽ സെന്റ് ജോസഫിനെ പരാജയപ്പെടുത്തി എബിസി അറുപറയുടെ ശ്രി ഗുരുവായുരപ്പൻ ജേതാക്കളായി. ചുരുളൻ ഒന്നാം തരത്തിൽ കോടിമതയും മൂഴിയും കാഴ്ചവെച്ചത് കാണികളെ ത്രസിപ്പിക്കുന്ന മത്സരം തന്നെയായിരുന്നു മത്സരത്തിൽ കവണാർ സിറ്റിയുടെ കോടിമത വിജയികളായി. ചുരുളൻ രണ്ടാം തരത്തിൽ ആർപ്പുക്കര ബോട്ട് ക്ലബിന്റെ തോട്ടിൽ ഡായി നം:- 2 വിനെ തോല്പിച്ചു. മത്സരത്തിൽ പങ്കെടുത്ത കളിവള്ളങ്ങളിൽ ശ്രി മുത്തപ്പൻ ഒഴികെയുള്ള എല്ലാ കളിവള്ളങ്ങൾക്കും ഫൈനലിൽ മത്സരിക്കാൻ അവസരം നൽകിയെന്നത് സംഘാടക മികവായിരുന്നു.
രാവിലെ ശ്രീകുമാരമംഗലം ക്ഷേത്രം ഗുരുമന്ദിരത്തിനു മുൻപിൽ ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ തുടക്കം കുറിച്ച ഗുരുജയന്തി ആഘോഷങ്ങൾക്ക് ശേഷം ഉച്ചക്ക് രണ്ടിന് ശ്രീകുമാരമംഗലം ക്ഷേത്ര കടവിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ ജലഘോഷയാത്രയിൽ ഒട്ടനവധി കേരളീയ കലാരൂപങ്ങൾ അണിനിരന്നിരുന്നു. നാലു എസ് എൻ ഡി പി അംഗശാഖകളും അലങ്കരിച്ച തട്ടിൻ വള്ളത്തിൽ ശ്രീനാരായണ ഗുരുവിന്റെ ഛായ ചിത്രവും വഹിച്ച കൊണ്ടുള്ള ഹംസ രഥത്തിന് പിന്നിൽ അണിചേർന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജലഘോഷായാത്ര കോട്ടത്തോട്ടിൽ എത്തിയതോടെ വള്ളംകളിയുടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ക്ലബ് പ്രസിഡന്റ് വി പി അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി, ജില്ലാ പഞ്ചായത്തഗം കെ വി ബിന്ദു, കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ,അഡ്വ വി എസ് മനു ലാൽ , ആർഷാ ബൈജു, എ കെ ജയപ്രകാശ് ജി ഗോപകുമാർ, ഫാ അഭിലാഷ് എബ്രഹാം വലിയവീട്ടിൽ, ക്ലബ് സെക്രട്ടറി എസ് ഡി പ്രേംജി, തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ കുമരകം സ്വദേശികളായ ഒരുമ്പെട്ടവൻ ഫെയിം ബാലനടി കാശ്മീര സുജീഷിനെയും കേരള ക്രിക്കറ്റ്ലീ ലീഗ് രണ്ടാം സീസണിൽ ആലപ്പി റിപ്പിൾ ടീം അംഗമായ യുവക്രിക്കറ്റർ ആദിത്യ ബൈജുവിനേയും മന്ത്രി ആദരിച്ചു.
മത്സരാനന്തരം എസ് കെ എം ദേവസ്വം മൈതാനിയിൽ സാൽവിൻ കൊടിയന്ത്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ വി ബിന്ദു വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. കെ പി ആനന്ദകുട്ടൻ, പി ജി ചന്ദ്രൻ, വി എസ് കലാധരൻ, പി എൻ സാബു ശാന്തി കുമരകം പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.