വാളയാറിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റൂമിൽ മോഷണം; ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡും കാണാനില്ല; കേസെടുത്ത് പൊലീസ്

Spread the love

പാലക്കാട്: വാളയാർ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിൽ മോഷണം. പിൻവാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ലാപ്ടോപ്പും മൊബൈൽ സിമ്മും മോഷ്ടിക്കുകയായിരുന്നു. തുരുമ്പെടുത്ത് തകർന്ന പിൻവാതിൽ ഉള്ളിൽ കൂടി കയ്യിട്ട് വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്.

അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റൂമിൽ ഉണ്ടായിരുന്ന ലാപ്ടോപ്പും ഔദ്യോഗിക സിം കാർഡും മോഷ്ടിച്ചതായാണ് വിവരം. രാവിലെ 9 മണിക്ക് മോട്ടോർ വാഹന ഉദ്യോഗസ്ഥർ ചെക്ക് പോസ്റ്റിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കേസിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.