അന്വേഷണത്തിൽ വീഴ്ചയുണ്ട്, കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല ; വാളയാറിലെ പെൺകുട്ടികളുടെ അമ്മ
സ്വന്തം ലേഖകൻ
പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പൊലീസിനെ വിമർശിച്ച് പെൺകുട്ടികളുടെ അമ്മ. അട്ടപ്പളം സ്വദേശികളായ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഇന്നാണ് അന്തിമ വിധിയെന്ന കാര്യം പോലും അറിഞ്ഞില്ലെന്ന് അമ്മ പറഞ്ഞു.
പാലക്കാട് പൊക്‌സോ കോടതിയാണ് കേസിൽ പ്രതികളായിരുന്ന വി.മധു, എം..മധു, ഷിബു എന്നിവരെ വെറുതെ വിട്ടത്. 2017 ജനുവരി, മാർച്ച് മാസങ്ങളിലായാണ് പെൺകുട്ടികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസന്വേഷണത്തിൽ വീഴ്ചയുണ്ട്. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിൽ കണ്ടത് പൊലീസുകാരോട് പറഞ്ഞതാണ്. കേസിന്റെ ഒരു കാര്യവും ആരും ഞങ്ങളെ അറിയിച്ചിരുന്നില്ല എന്നും അവർ പറഞ്ഞു. തുടക്കത്തിൽ പൊലീസ് കേസന്വേഷിക്കുന്നതിൽ കാണിച്ച വീഴ്ച വൻവിവാദമായിരുന്നു. പിന്നീട് പൊലീസ് കേസ് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താനായില്ല.തെളിവുകളുടെ അഭാവത്തിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ പോക്‌സോ കോടതി വെറുതെ വിട്ടിരുന്നു. മറ്റ് മൂന്ന് പ്രതികളെയാണ് ഇന്ന് കോടതി വെറുതെ വിട്ടത്. എന്നാൽ കേസിലെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിക്കെതിരെ ജുവനൈൽ കോടതിയിൽ വാദം പുരോഗമിക്കുന്നുണ്ട്.