വാളയാർ പെൺകുട്ടികളുടെ നീറുന്ന സ്മരണയിൽ കോട്ടയത്തു പ്രതിഷേധം ഇരമ്പി

വാളയാർ പെൺകുട്ടികളുടെ നീറുന്ന സ്മരണയിൽ കോട്ടയത്തു പ്രതിഷേധം ഇരമ്പി

സ്വന്തം ലേഖകൻ

കോട്ടയം: വാളയാറിലെ പതിമ്മൂന്നും ഒൻപതും വയസ്സുള്ള പെൺകുഞ്ഞുങ്ങൾ
മൃഗീയമായ ലൈംഗിക പീഡനത്തിനിരയായി തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട
സംഭവത്തിൽ സർക്കാർ ഇടപെടൽ ഉണ്ടെന്ന് കാണിച്ച് ഹിന്ദു ഐക്യ വേദി, മഹിളാ
ഐക്യ വേദി, വിമൻ യൂണിറ്റി ഫോറം എന്നിവർ ചേർന്നു സംഘടിപ്പിച്ച പരിപാടിയിൽ
പൊതു ജനങ്ങളുടെ പ്രതിഷേധം ആർത്തിരമ്പി.

കോട്ടയം ഗാന്ധി സ്ക്വയറിൽ
നിന്നാരംഭിച്ച പ്രതിഷേധ ജാഥ നഗരം ചുറ്റി തിരുനക്കര മൈതാനത്ത് സമാപിച്ചു.
സ്ത്രീകളും കുട്ടികളും പങ്കെടുത്ത പ്രതിഷേധ പരിപാടിയിൽ വായ്മൂടിക്കെട്ടിയ
പ്രവർത്തകർ വാളയാറിൽ മരണപ്പെട്ട പെൺകുട്ടികളുടെ സ്മരണയ്ക്കു മുന്നിൽ
കൈകളിൽ മൺ ചെരാത് തെളിച്ച് ഐക്യ ദാർഢ്യ പ്രതിജ്ഞ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ പെൺകുട്ടികളുടെ പ്രതികൾ രക്ഷപെട്ട സംഭവം കേരളത്തെ ഭാരതമൊട്ടുക്ക്
നാണം കെടുത്തിയെന്നും ഈ പാപക്കറയിൽ നിന്ന് സംസ്ഥാന സർക്കാരിനു ഒരിക്കലും
രക്ഷപെടാനാവില്ലെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിച്ച അഖില കേരള
ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ പി എസ് പ്രസാദ് പറഞ്ഞു.

അപ്പീൽ നൽകിയതു കൊണ്ട് തൽക്കാലം ആളുകളുടെ കണ്ണിൽ മണ്ണിടാമെന്നു സർക്കാർ
വ്യാമോഹിക്കേണ്ട, ഇതിൽ അടിയന്തിരമായി സി ബി ഐ അന്വേഷണം നടത്തുന്നതിനുള്ള
അപേക്ഷയോടു കൂടിയ റിവിഷൻ ഹർജ്ജിയാണ് സർക്കാരിതര അഭിഭാഷകരെക്കൊണ്ട് ബഹു.
ഹൈക്കോടതി മുമ്പാകെ സർക്കാർ നൽകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ ഇതു ചെയ്യുന്നില്ലെങ്കിൽ സംഘടനാപരമായി അതിനുള്ള നീക്കങ്ങൾ നടത്തുമെന്നും
അദ്ദേഹം പ്രസ്താവിച്ചു. തുടർന്ന് നടന്ന യോഗത്തിൽ വാളയാർ പീഡനക്കേസ് സിബിഐ അന്വേഷിക്കുക, കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഹിന്ദു ഐക്യവേദി നേതാക്കൾ സർക്കാരിന് സമർപ്പിക്കുമെന്നും മഹിളാ ഐക്യവേദി സംസ്ഥാന ജന.സെക്രട്ടറി ബിന്ദു മോഹൻ പറഞ്ഞു. സംസ്ഥാന സർക്കാർ കേസ് ബോധപൂർവ്വം അട്ടിമറിച്ചതാണെന്നും വിവിധ നേതാക്കൾ ആരോപിച്ചു.

വാളയാർ പീഡനക്കേസ് അട്ടിമറിച്ച സർക്കാരിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ തുടർസമരങ്ങൾ നടക്കുമെന്ന് സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ സെക്രട്ടറി അനിതാ ജനാർദ്ദനൻ, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി എന്നിവർ അറിയിച്ചു. വി.റ്റി.രാജു, ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ പ്രസിഡന്റ് അഡ്വ.അനിൽ ഐക്കര, റ്റി.ആർ.രവീന്ദ്രൻ, പി.ആർ.ശിവരാജൻ, ശങ്കർ സ്വാമി, സി. കൃഷ്ണകുമാർ, സുരേഷ് ബാബു, ഡോ.എസ്.വി.പ്രദീപ്, സുമേഷ് രാജൻ, മായാ ജയരാജ്, സിന്ധു പൈ, സ്വപ്നാ സുരേഷ്, മഹിളാ ഐക്യവേദി കോട്ടയം താലൂക്ക് ജനറൽ സെക്രട്ടറി ഷൈനി മഹേഷ്‌, മീനച്ചിൽ താലൂക്ക് ജനറൽ സെക്രട്ടറി സിന്ധു ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.