വാളയാറിൽ ഒത്തുകളിയുടെ നാറ്റം മാറ്റാൻ സംസ്ഥാന സർക്കാർ: സർക്കാർ ഒരുങ്ങുന്നത് പ്രോസിക്യൂഷന്റെ കുരുത്ത് മുറുക്കാൻ; പ്രതികൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങി സംസ്ഥാന സർക്കാർ; പരിചയ സമ്പന്നനായ പുതിയ പ്രോസിക്യൂട്ടർ വരും

Spread the love
ക്രൈം ഡെസ്‌ക്
വാളയാർ: വനിതാ മതിൽ ഉയർത്തി സ്ത്രീ സുരക്ഷയ്ക്കു വേണ്ടി വാദിച്ച സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി നൽകിയ വാളയാർ കേസിൽ കുരുക്ക് മുറുക്കി സംസ്ഥാന സർക്കാർ. കേസിൽ ഇതുവരെയുള്ള നടപടികളിലെ ഒളിച്ചു കളികൾ എല്ലാം തകർത്ത് സംസ്ഥാന സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട്.
കേസ് വാദിച്ച് അട്ടിമറിക്കാൻ കൂട്ട് നിന്ന പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റും. അനുഭവസമ്പത്തുള്ള മുതിർന്ന പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതതലയോഗത്തിലാണ് തീരുമാനം.
കേസിൽ സർക്കാർ അപ്പീൽ നൽകുന്നതിനൊപ്പം, നേരത്തെ കേസ് വാദിച്ച പ്രോസിക്യൂട്ടറെ മാറ്റും.
തുടരന്വേഷണത്തിന് കോടതിയെ സമീപിക്കും. പൊലീസ് മേധാവിയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരും ഒരുമിച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തുടരന്വേഷണ സാധ്യത തെളിഞ്ഞത്. അപ്പീൽ തയ്യാറാക്കി വരികയാണെന്ന് ഡിജിപി അറിയിച്ചു.
പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേസ് വാദിച്ച പ്രോസിക്യൂട്ടറുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായി. കേസ് അന്വേഷിച്ച പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കരുതുന്നില്ലെന്നും ഡിജിപി പറഞ്ഞു.
അതേസമയം, വാളയാർ കേസിൽ സംസ്ഥാന എസ്സി-എസ്ടി കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.കേസ് ഫലപ്രദമായി വാദിക്കുന്നതിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് താൽപര്യമില്ലായിരുന്നെന്നും പ്രതികൾക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിൽ മുന്നൊരുക്കമോ പഠനമോ ഉണ്ടായില്ലെന്നുമാണ് കമ്മീഷൻ കണ്ടെത്തൽ. മിടുക്കരായ ഉദ്യോഗസ്ഥരെ വച്ച് കേസ് പുനരന്വേഷിക്കണം. ശാസ്ത്രീയതെളിവുകൾ ശേഖരിക്കണം.
ആവശ്യമെങ്കിൽ പ്രതികളെ പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കണം. പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതിന് പുറമെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്നുമാണ് കമ്മീഷന്റ നിർദ്ദേശം.
വാളയാർ കേസിൽ വലിയ വീഴ്ചകളുണ്ടായെന്ന് ദേശീയ എസ്.സി കമ്മിഷൻ ഉപാധ്യക്ഷൻ എൽ മുരുകൻ. ആദ്യഘട്ടം മുതൽ കേസ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അട്ടിമറിച്ചു. ഇത് വ്യക്തമായ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും കമീഷന്റെ ഡൽഹി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും എൽ. മുരുകൻ പ്രതികരിച്ചു.
വാളയാർ കേസ് കമ്മിഷൻ ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാളയാർ കേസിൽ അന്വേഷണത്തിൽ വീഴ്ച്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമീഷന് പരാതി നൽകിയിരുന്നു. വിഷയത്തിൽ കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്. സംഭവത്തിൽ സർക്കാർ വിശദീകരണം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
അതിനിടെ, പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതിലും അസ്വഭാവിക മരണത്തിലും ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെടുന്നു.വാളയാർ കേസിൽ അന്വേഷണ സംഘത്തെ അയക്കുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പ്രിയങ്ക് കനൂങ്കോയി പറഞ്ഞു. നാലംഗ സംഘത്തെ വ്യാഴാഴ്ച പെൺകുട്ടികളുടെ വീട്ടിലെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. സുപ്രീംകോടതി അഭിഭാഷകൻ ഉൾപ്പെട്ട സംഘമാണ് എത്തുന്നത്. വിഷയത്തിൽ കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി എടുക്കും. കോടതിവിധി ഉൾപ്പെടെ ശേഖരിച്ച് കമ്മീഷൻ റിപ്പോർട്ട് നൽകും. ആവശ്യമെങ്കിൽ കുടുംബത്തിന് നിയമസഹായം ഉൾപ്പെടെ നൽകുമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ കൂട്ടിച്ചേർത്തു.