
സങ്കീര്‍ണമായ കുടുംബ പശ്ചാത്തലവും ക്രൂരമായ കുട്ടിക്കാല അനുഭവവും ജീവനൊടുക്കുകാൻ പ്രേരിപ്പിച്ചേക്കാം ;മരണരീതിയെ കുറിച്ചുള്ള നിഗമനം ദുഷ്‌കരം,വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സി ബി ഐ
പാലക്കാട്: ലൈംഗികാതിക്രമത്തിന് ഇരയായ വാളയാര്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതാകാമെന്ന് സിബിഐ. മരണത്തിന്റെ സ്വഭാവമനുസരിച്ച് ആത്മഹത്യയാകാനാണ് സാധ്യതയെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ആത്മഹത്യയാണെന്ന് സിബിഐ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുവാണ് കുറ്റപത്രത്തെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കൊലപാതകത്തിന് ശേഷം കുട്ടികളെ കെട്ടിത്തൂക്കിയതാണെന്നുള്ള സാധ്യത യുക്തിസഹമായ മെഡിക്കല്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ആത്മഹത്യയാണെന്ന സിബിഐയുടെ കണ്ടെത്തല്‍ നേരത്തെ തന്നെ പാലക്കാടിലെ വിചാരണ കോടതി തള്ളിക്കളഞ്ഞിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ പലതും തൂങ്ങിമരണത്തിന് സമാനമാണെന്ന പൊലീസ് സര്‍ജന്റെ റിപ്പോര്‍ട്ടും സിബിഐ കുറ്റപത്രത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ‘കുറ്റം നടന്ന സ്ഥലം, ഇന്‍ക്വസ്റ്റ് ഫോട്ടോകള്‍, പോസ്റ്റ്‌മോര്‍ട്ടം കണ്ടെത്തലുകള്‍, അനുബന്ധ റിപ്പോര്‍ട്ടുകള്‍, എന്നിവ പരിശോധിച്ച ഫോറന്‍സിക് സര്‍ജൻ്റെ നിഗമനം മരണം തൂങ്ങിമരണവുമായി പൊരുത്തപ്പെടുന്നുവെന്നായിരുന്നു’വെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇളയകുട്ടിയുടെ മരണത്തില്‍ തൂങ്ങിമരണത്തിൻ്റെ സാധ്യത പൂര്‍ണമായി തള്ളിക്കളയാനാവില്ലെന്നും സിബിഐ പറഞ്ഞു. ഇളയകുട്ടിക്ക് ഒമ്ബത് വയസായിരുന്നെങ്കിലും കുട്ടിയെ കണ്ടെത്തിയ രീതിയിലുള്ള തൂങ്ങിമരണം അസാധ്യമായിരുന്നില്ലെന്നും സിബിഐ വ്യക്തമാക്കി. എന്നാല്‍ സൈക്കോളജിക്കല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് (മരണത്തിലേയ്ക്ക് നയിച്ച കാരണം കണ്ടെത്താൻ ഒരാളുടെ വ്യക്തിജീവിതത്തെ ശാസ്ത്രീയമായി പരിശോധിക്കുന്ന രീതി ) ചൂണ്ടിക്കാട്ടിയ സിബിഐ മരണരീതി സംബന്ധിച്ച് കൃത്യമായ നിഗമനം ദുഷ്‌കരമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നു.
‘സങ്കീര്‍ണമായ കുടുംബ പശ്ചാത്തലം, ക്രൂരമായ കുട്ടിക്കാല അനുഭവം, ലൈംഗികാതിക്രമം, കുറ്റവാളികളുടെ അടുത്ത സാന്നിധ്യം, അവരുടെ ഭീഷണി, പ്രാഥമികമായ പിന്തുണയുടെ അഭാവം തുടങ്ങിയ ഘടകങ്ങള്‍ ജീവനൊടുക്കുകാൻ കുട്ടിയെ പ്രേരിപ്പിച്ചേക്കാം’, കുറ്റപത്രത്തില്‍ പറയുന്നു. കുട്ടികളുടെ മാനസികമായി സങ്കീര്‍ണമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ പരിഗണിക്കുമ്ബോള്‍ ആത്മഹത്യയ്ക്കുള്ള സാഹചര്യം തള്ളിക്കളയാനാകില്ലെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടും സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിനുള്ള സാധ്യത ഈ കേസിലില്ലെന്ന് ഫോറന്‍സിക് വിദ്ഗദനും വ്യക്തമാക്കിയതായി സിബിഐ പറയുന്നു.

വാളയാർ കേസ് അട്ടിമറിച്ച സംഭവം: ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : വാളയാർ കേസ് അട്ടിമറിച്ച പോലെ പാലക്കാട് മുതലമടയിൽ 17 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസും അട്ടിമറിക്കാൻ ശ്രമിക്കുന്ന പോലീസിന്റെ നടപടിയിൽ ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം ശക്തമായി പ്രതിഷേധിച്ചു.
മൂന്ന് വർഷം മുൻപ് വാളയാറിൽ രണ്ട് പിഞ്ചുപെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ യഥാർത്ഥ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതിൽ അട്ടിമറി നടത്തിയ പോലീസാണ് ഇപ്പോൾ മറ്റൊരു കേസിൽ രംഗത്ത് എത്തിയിരിക്കുന്നത്. ഈ കൊറോണ കാലത്തും മുതലമടയിൽ 17 കാരിയായ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ചു കിണറ്റിലിട്ടു കൊലപ്പെടുത്തിയ കേസും അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിൽ ഒരു 17 കാരനായ ആദിവാസി യുവാവിനെ മാത്രം അറസ്റ്റ് ചെയ്ത് കേസ്സട്ടിമറിക്കാൻ പോലീസിന്റ ഭാഗത്തുനിന്നും ശ്രമം നടക്കുന്നതായി അറിയുന്നു. ഈ കേസിലും യഥാർത്ഥ പ്രതികളെ രക്ഷപെടുത്തി കേസട്ടി മറിക്കുകയാണെങ്കിൽ, ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം, അതിൽ ശക്തമായി പ്രതിഷേധിക്കുകയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിക്കുന്നു.
മാർച്ചു മാസം 11 ന് പാലക്കാട് മുതലമടയിൽ കാണാതായ 17 കാരി ആദിവാസി പെൺകുട്ടിയുടെ മൃദദ്ദേഹം 250 മീറ്റർ അകലെയുള്ള കിണറ്റിൽ നിന്നും ശനിയാഴ്ച അർദ്ധനഗ്ന യായിട്ടാണ് കണ്ടു കിട്ടിയത്. കുട്ടിയുടെ വസ്ത്രങ്ങൾ കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ കിണറ്റിൽ നിന്നും ഫയർ ഫോഴ്‌സെത്തി വെള്ളം വറ്റിച്ചതിനു ശേഷം എടു ക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് നായ മൃതദേഹത്തിന്റെ അടുത്തുനിന്നും നേരെ പോയത് സമീപത്തുള്ള റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥന്റെ ക്വർട്ടേഴ്സിലേക്കാണ്. അവിടെ തൊഴിലാളികളും അന്നെത്തിയ മറ്റു ചിലരുമാണ് താമസിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച നടത്തിയ പോസ്റ്റ്മാർട്ടത്തിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
പെൺകുട്ടിയുമായി പ്രണയത്തിലായിരുന്ന 17 കാരനായ ആദിവാസി യുവാവ് രാത്രി കുട്ടിയെ വിളിച്ചിറക്കികൊണ്ടുപോയി, കിണറിനടുത്തുവച്ചു അടിപിടി ഉണ്ടാകുകയും പെൺകുട്ടിയെ കിണറ്റിൽ തള്ളിയിട്ടെന്നുമാണ് പോലീസ് ഭാഷ്യം. അത് ഡിവൈഎസ്പി മാധ്യമങ്ങളോട് പറയുകയും ചെയ്തു.
മദ്യവും കഞ്ചാവും പിടിമുറുക്കിയ ആദിവാസികോളനികളിൽ നടക്കുന്ന ഒരു സാധാരണ സംഭവമായി ഇതിനെ മാറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി പെൺകുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.
കേസിന്റെ എല്ലാ വശങ്ങളും കൃത്യതയോടെ അന്വേഷിച്ചു യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടേണ്ടത് സമൂഹത്തിന്റെ അവശ്യ മായതുകൊണ്ടും സ്റ്റേറ്റിന്റ കടമയായതുകൊണ്ടും കേസട്ടിമറിക്കാതെ നോക്കേണ്ടത് സർക്കാരിന്റെ കടമയാണ്.
ഈ കോറോണയെന്ന മഹാമാരിയുടെ കാലത്ത്, പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന ക്രിമിനലുകളെ യാതൊരു കാരണവശാലും രക്ഷപെടാൻ അനുവദിച്ചുകൂടാ.
അതുകൊണ്ട് മുഖ്യമന്ത്രി ഇതിലിടപെട്ട് കേസട്ടിമറിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നു.
ഈ കേസിലും യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ 17 കാരനായ ആദിവാസി യുവാവിൽ മാത്രം കേസ് ഒതുക്കാനാണ് പോലീസിന്റ ഭാവമെങ്കിൽ, വാളയാർ കേസിലെ പോലെ അതിശക്തമായ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും അറിയിക്കുന്നു.