
തേർഡ് ഐ ബ്യൂറോ
വാകത്താനം: പൊങ്ങന്താനത്ത് വീട്ടുമുറ്റത്ത് വയോധികനെ തലയ്ക്ക് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോടാലിയ്ക്ക് വെട്ടേറ്റ് തല പിളർന്ന് രക്തത്തിൽ കുളിച്ച മൃതദേഹം വീട്ടുമുറ്റത്താണ് കണ്ടെത്തിയത്. പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറയിൽ ചാക്കോ (കുഞ്ഞൂഞ്ഞ് – 78) യാണ് തലയ്ക്ക് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ഇവരുടെ വീട്ടുമുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. ചാക്കോയും വയോധികയായ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ വീട്ടിലെ ഗ്യാസ് സിലണ്ടറിന് തീ പിടിച്ചതായും ,തീയും പുകയും ഉയരുന്നതായും വാകത്താനം പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് അനുസരിച്ച് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.പി ടോംസണിൻ്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി. ഇതോടെയാണ് ചാക്കോയുടെ മൃതദേഹം വീട്ടുമുറ്റത്ത് കിടക്കുനതായി കണ്ടെത്തിയത്. ഇതിന് സമീപത്ത് നിന്നും കോടാലിയും കണ്ടെത്തി.
പൊലീസ് നിർദേശം അനുസരിച്ച് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സൈൻ്റിഫിക്ക് എക്സ്പേർട്ട് സംഘവും സ്ഥലത്ത് എത്തി. ശാസ്ത്രീയ പരിശോധനകൾ നടത്തിയ സംഘം സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ചാക്കോയുമായി അയൽവാസികളിൽ ചിലർക്ക് അതിർത്തി തർക്കം ഉണ്ടായിരുന്നതായി നാട്ടുകാർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. ചങ്ങനാശേരി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.