ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്.. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും..

ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്.. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും..

സ്വന്തംലേഖകൻ

മലയാളത്തിലെ എക്കാലത്തെയും മനോഹരമായ ചിത്രങ്ങളിലൊന്നാണ് ഭരതൻ സംവിധാനം ചെയ്ത വൈശാലി. മലയാളി കാഴ്ചക്കാര്‍ കണ്ടുമറക്കാത്ത സിനിമ. സഞ്ജയ്–സുപർണ്ണ താരജോഡികളുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. നായകനും നായികയും അന്യഭാഷക്കാരായിരുന്നിട്ടുപോലും മലയാളികൾ നെഞ്ചേറ്റിയവരാണിവർ. വൈശാലിയിലെ ഈ കണ്ടുമുട്ടൽ ഇവരുടെ ജീവിതത്തിലെ വഴിത്തിരിവ് കൂടിയായിരുന്നു. പത്തുവർഷം നീണ്ട പ്രണയത്തിന് ശേഷം ഇരുവരും ജീവിതത്തിലും ഒന്നായി. പക്ഷെ അധികനാൾ ഈ ബന്ധം തുടർന്നില്ല. ഇരുവരും വിവാഹമോചിതരായി. എന്നാലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ഇപ്പോഴും കോട്ടം തട്ടിയിട്ടില്ല. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി.വൈശാലിയിലേക്ക് എത്തിയതിനെക്കുറിച്ചും സഞ്ജയ്‌യുമായുള്ള ബന്ധത്തെക്കുറിച്ചും സുപർണ്ണയുടെ വാക്കുകൾ ഇങ്ങനെ….

ബാലതാരമായി ഏതാനും സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഭരതൻ സാർ എന്നെക്കുറിച്ച് അറിയുന്നത്. അദ്ദേഹം എന്നെ കാണാൻ വരുന്നത് എന്റെ 16–ാമത്തെ ജന്മദിനത്തിന്റെ പിറ്റേദിവസമാണ്. സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ ആദ്യം ഞാൻ ചോദിച്ചത് എനിക്ക് മലയാളം അറിയില്ല എങ്ങനെ അഭിനയിക്കുമെന്നാണ്? അതൊന്നും സാരമില്ല ഞാൻ നോക്കിക്കോളാമെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടാണ് എന്നെ കാണുന്നതിന് മുമ്പ് തന്നെ എന്റെ രൂപം അദ്ദേഹം സ്കെച്ച് ചെയ്തിരുന്നത് കാണുന്നത്. വലിയ അത്ഭുതമായിരുന്നു.വൈശാലിയുടെ സെറ്റിൽവെച്ചാണ് ആദ്യമായി സഞ്ജയ്‌യെ കാണുന്നത്. ആദ്യദിവസം തന്നെ ഭരതൻ സർ ചെയ്യാൻ പറഞ്ഞത് ക്ലൈമാക്സിലെ ചുംബനരംഗമാണ്. എങ്ങനെ ചെയ്യുമെന്നുള്ള ആശങ്ക രണ്ടുപേർക്കുമുണ്ടായിരുന്നു. അഞ്ച് ടേക്ക് എടുത്തശേഷമാണ് ശരിയായത്. ഞങ്ങളുടെ രണ്ടുപേരുടെയും ജീവിതം മാറ്റിമറിച്ച സിനിമയാണ് വൈശാലി. വൈശാലിയിലൂടെയാണ് സഞ്ജയ് ജീവിതത്തിലേക്ക് വരുന്നത്.ഒരുമിച്ച് ജീവിച്ചിരുന്ന കാലമത്രയും ഞങ്ങൾ സന്തോഷത്തിൽ തന്നെയായിരുന്നു. ദൗർഭാഗ്യവശാൽ വിവാഹമോചിതരാകേണ്ടി വന്നു. പക്ഷെ ഇപ്പോഴും മനസിൽ പഴയ പ്രണയമുണ്ട്. ഒരുവട്ടം പ്രണയംതോന്നിയാൽ അത് ജീവിതകാലം മുഴുവൻ മനസിലുണ്ടാകും. അദ്ദേഹത്തിന് എന്റെ ജീവിതത്തിലുണ്ടാകേണ്ട കാലം എത്രനാളാണെന്ന് ദൈവം നേരത്തെ തീരുമാനിച്ചതാണ്. ആ സമയമെത്തിയപ്പോൾ ജീവിതത്തിൽ നിന്നും അദ്ദേഹം പോയി, അങ്ങനെയാണ് ഞാൻ കരുതുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളുടെ ഇടയിൽ ശത്രുതയില്ല. എന്റെ മൂത്തമകനെ കണ്ടാൽ സഞ്ജയ്‌യെ പോലെ തന്നെയാണ്. മകൻ മുന്നിൽ നിൽക്കുമ്പോൾ സഞ്ജയ് മുന്നിൽ നിൽക്കുന്നത് പോലെ തന്നെയാണ് തോന്നുന്നത്. അകന്നാണ് കഴിയുന്നതെങ്കിൽ ഇഷ്ടപ്പെട്ടയാൾ സന്തോഷമായി കഴിയുന്നത് കാണുന്നതാണ് സന്തോഷമെന്ന് സുപർണ്ണ പറഞ്ഞു.”
തന്റെ മക്കളുടെ നല്ല അമ്മയാണ് സുപർണ്ണയെന്ന് സഞ്ജയും പറഞ്ഞു. മക്കളെ നന്നായാണ് സുപർണ്ണ നോക്കി വളർത്തിയത്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും സഞ്ജയ് അറിയിച്ചു. വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരുവേദിയിൽ വീണ്ടും എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group