
സ്വന്തംലേഖകൻ
വൈക്കം: ജീർണിച്ചു തകർച്ചാ ഭീഷണിയിലായ സ്കൂൾ കെട്ടിടം പൊളിച്ചു നീക്കാത്തതിനെ തുടർന്ന് പുതിയ കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണം വൈകുന്നു. വൈക്കം തെക്കേനട ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിൻ്റെ വടക്കുഭാഗത്തെ ജീർണിച്ചു തകർച്ചാ ഭീഷണിയിലായ കെട്ടിടമാണ് പൊളിച്ചു നീക്കുന്നതിന് കാലതാമസം നേരിടുന്നത്. ജീർണാവസ്ഥയിലായ കെട്ടിടം പൊളിച്ചു നീക്കി അവിടെ ഹൈസ്കൂൾ വിഭാഗത്തിനായി ഇരുനില കെട്ടിടം നിർമ്മിക്കാനാണ് സി.കെ. ആശ എം എൽ എ യുടെ ശ്രമഫലമായി രണ്ടു കോടി എൺപതുലക്ഷം രൂപ അനുവദിച്ചത്.
ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റിട്ട് കെട്ടിടം പൊളിച്ചു നീക്കി നിർമ്മാണത്തിനായി സ്ഥലമൊരുക്കിപിഡബ്ല്യുഡി ബിൽഡിംഗ് വിഭാഗത്തിന് കൈമാറേണ്ടത് നഗരസഭയാണ്. സാങ്കേതികത്വത്തിൽ കുടുങ്ങി എസ്റ്റിമേറ്റെടുക്കാൻ വൈകിയതാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ ഇടയാക്കിയതെന്ന് പറയപ്പെടുന്നു. ഏറെ സമ്മർദങ്ങൾക്കൊടുവിൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടിവ്എഞ്ചിനിയർ കെട്ടിടം പൊളിച്ചു നീക്കുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കിനഗരസഭ അധികൃതർക്ക് കൈമാറിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം പൊളിച്ചു നീക്കാൻ വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതി ഇനി ലഭിക്കണം. വിദ്യാഭ്യാസ വകുപ്പിൻ്റെ അനുമതിതേടി കഴിഞ്ഞ ആഴ്ച അധികൃതർ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ജീർണിച്ച കെട്ടിടം പൊളിച്ചു നീക്കി പുതിയ കെട്ടിട സമുച്ചയത്തിൻ്റെ നിർമ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതേ സ്കൂളിൻ്റെ മുൻവശത്തുള്ള രാജകീയമുദ്രയുള്ള പഴയ കെട്ടിടവും പൊളിച്ചു നീക്കേണ്ടതാണ്. അഞ്ചുകോടി രൂപ വിനിയോഗിച്ചു അന്താരാഷ്ട്ര നിലവാരത്തിലാണ് ഈ സ്കൂളിൽ കെട്ടിട സമുച്ചയംതീർത്തത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയശേഷം ബാഡ്മിൻ്റൺ, ബാസ്ക്കറ്റ്ബോളടക്കമുള്ള കായിക വിനോദങ്ങൾക്കായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിസ്ഥലമൊരുക്കാനും പദ്ധതിയുണ്ട്.