
കടുത്തുരുത്തി: റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു ഗുഡ്‌സ് ട്രെയിന്റെ മുകളിലൂടെ പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച പോളിടെക്‌നിക്ക് വിദ്യാര്‍ഥിക്കു വൈദ്യുതാഘാതമേറ്റ സംഭവം, ട്രെയിൻ സ്റ്റേഷനില്‍ പിടിച്ചിട്ടിട്ട് ദിവസങ്ങളായി
കുറേ ദിവസങ്ങളായി ഈ ഭാഗത്തെ ട്രാക്കില്‍ ട്രെയിനുകള്‍ പിടിച്ചിടുന്നതിനാല്‍ സ്റ്റേഷനിലേക്കെത്തുന്ന യാത്രക്കാര്‍ ചുറ്റി കറങ്ങി വരേണ്ട സ്ഥിതിയായിരുന്നു.
ഇതു മറികടക്കാനാണ് വിദ്യാർഥി ഗുഡ്സ് ട്രെയിനു മുകളില്‍ കയറിയത്.
ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
80 ശതമാനത്തിനു മുകളിലാണ് പൊള്ളലേറ്റത്. ഇന്നലെ വൈകിട്ട് നാലോടെ ആപ്പാഞ്ചിറ (വൈക്കം റോഡ് ) റെയില്‍വേ സ്റ്റേഷനിലാണ് അപകടം.
കടുത്തുരുത്തി ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍
എന്‍ജിനിയറിങ് വിദ്യാര്‍ഥി എറണാകുളം കുമ്പളം ശ്രീനിലയം വീട്ടില്‍ രതീഷ് കുമാറിന്റെ മകന്‍ എസ്.ആര്‍. അദ്വൈത് (20) ആണ് പൊള്ളലേറ്റത്. ക്ലാസ് കഴിഞ്ഞ് വീട്ടിലക്കു പോകാന്‍ വരുമ്പോഴാണ് സംഭവം.
ഷോക്കേറ്റ് താഴെ വീണ അദ്വൈതിനെ റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് മുട്ടുചിറ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു മാറ്റി.
അതേസമയം, പാളത്തിലൂടെ നടക്കുന്നതും ഇത്തരത്തില്‍ ടെയിനു മുകളില്‍ കയറുന്നതും നിയമവിരുദ്ധമാണെന്നു റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നു.
നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വേഗം ട്രെയിനിനും പ്രഹരശേഷി ഇലക്‌ട്രിക് ലൈനുമുണ്ട്. 25000 വാട്ടാണ് റെയില്‍വേ ഇലക്‌ട്രിക് ലൈനിലൂടെ കടന്നു പോകുന്നത്.
സുരക്ഷിതമായ യാത്രക്കായി റെയില്‍വേയുടെ നിർദേശങ്ങള്‍ പാലിക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.