
വൈക്കം: കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിലെ ഉപയോഗശൂന്യമായ ആധുനിക മത്സ്യവിപണന സംസ്കരണ കേന്ദ്രത്തില്‍ ലക്ഷങ്ങളുടെ മോഷണം.
ഒന്നരക്കോടിയോളം മുടക്കി തീരദേശ വികസന കോർപറേഷൻ നിർമിച്ച കേന്ദ്രത്തിലെ ഉപയോഗിക്കാതെ കിടന്ന ആധുനിക ഉപകരണ ഭാഗങ്ങളും മോട്ടോറുകളുമാണ് മോഷണം പോയത്.
10 വർഷം മുമ്പ് നിർമിച്ച ആധുനിക മത്സ്യവിപണന സംസ്കരണ കേന്ദ്രം ഉദ്ഘാടനം നടത്തിയെങ്കിലും തീരദേശ പരിപാലന നിയമത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ കെട്ടിടത്തിന് നഗരസഭ നമ്പറിട്ട് നല്‍കിയില്ല. ഒന്നരക്കോടി രൂപ മുടക്കി തീരദേശ വികസന കോർപറേഷൻ നിർമിച്ച കേന്ദ്രത്തിലെ മത്സ്യം സംസ്കരിക്കുന്നതിനായുള്ള ഉപയോഗിക്കാതെ കിടന്ന ആധുനിക ഉപകരണ ഭാഗങ്ങളും മോട്ടോറുകളുമാണ് മോഷണം പോയത്. ലക്ഷങ്ങളുടെ മോഷണം നടന്നിട്ടും നഗരസഭ കഴിഞ്ഞ ദിവസമാണ് ഇക്കാര്യം അറിഞ്ഞത്.
കെട്ടിടത്തിന്റെ ഒരു ഭാഗം വാടകയ്ക്കെടുത്തവർ തുറന്നുനോക്കിയപ്പോഴാണ് മോട്ടറുകളടക്കം അപഹരിക്കപ്പെട്ടതറിഞ്ഞത്. ഇവർ പരാതിയുമായി എത്തിയപ്പോള്‍ മാത്രമാണ് മോഷണം നടന്നത് നഗരസഭാ അധികൃതർ അറിഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മാനദണ്ഡം പാലിക്കാതെയും ആസൂത്രണമില്ലാതെയുമാണ് മത്സ്യമാർക്കറ്റില്‍ ആധുനിക മത്സ്യ വിപണന സംസ്കരണ കേന്ദ്രം നിർമിച്ചത്. പത്ത് വർഷമായി കെട്ടിടം വെറുതെ കിടക്കുകയാണ്. കെട്ടിട ഭാഗങ്ങള്‍ തകർത്താണ് ലക്ഷങ്ങളുടെ മോഷണം നടന്നത്. എന്നാല്‍, കെട്ടിടത്തിനുള്ളില്‍നിന്ന് എന്തൊക്കെയാണ് മോഷണം പോയതെന്ന് നഗരസഭാ അധികൃതർക്ക് അറിയില്ല. ഫ്രീസറിന്റെയും സംസ്കരണ ഉപകരണങ്ങളുടെയും ഭാഗങ്ങളുമാണ് ആദ്യപരിശോധനയില്‍ മോഷണം പോയതായി കണ്ടെത്തിയത്. കെട്ടിടത്തോടുചേർന്ന ട്രീറ്റ്മെന്റ് പ്ലാന്റിലെയും അടുത്തിടെ സ്ഥാപിച്ച ശുചിമുറിയുടെയുടക്കം മൂന്ന് മോട്ടോറുകളും കാണാനില്ല.
ലക്ഷങ്ങളുടെ സാധനസാമഗ്രികള്‍ കടത്തിയതിനു പുറമേ കെട്ടിടത്തിന്റെ ജനല്‍ ഗ്രില്ലുകളും സീലീംഗുമടക്കം തകർത്ത നിലയിലാണ്. ഇന്നലെ വൈകുന്നേരം നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തി.
എന്നാല്‍ മോട്ടോറുകള്‍ മോഷണംപോയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണ് നഗരസഭാ അധികൃതർ ആരോപിച്ചു. കൂടുതല്‍ സാധനങ്ങള്‍ മോഷണം പോയതോടെ ലക്ഷങ്ങളുടെ മോഷണം കാണിച്ച് ഇനി പുതിയ പരാതികൂടി പോലീസില്‍ നല്‍കാനാണ് നഗരസഭയുടെ തീരുമാനം