
വൈക്കം: സിപിഐയുടെ കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായ വൈക്കത്ത് പ്രാദേശിക തലത്തില്‍ നേതാക്കള്‍ പാർട്ടിവിടുന്നത് അതീവ ഗൗരവമായി കണ്ട് പ്രാദേശിക പ്രശ്നങ്ങള്‍ മനസിലാക്കി പരിഹരിക്കാനും പ്രവർത്തകർക്ക് അവബോധം നല്‍കാനും രാഷ്ട്രീയ വിശദീകരണയോഗമടക്കം സംഘടിപ്പിക്കാൻ നേതൃത്വം.
പാർട്ടിയുടെ സംഘടനാശേഷി പ്രകടമാക്കുന്നതരത്തില്‍ ആയിരങ്ങളെ അണിനിരത്തിയുള്ള ആദ്യ രാഷ്ട്രീയ വിശദീകരണ യോഗവും ശക്തിപ്രകടനവും ആറിനു വൈകുന്നേരം അഞ്ചിന് ജെട്ടിമൈതാനിയില്‍ നടക്കും.
പാർട്ടിയില്‍ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ലെന്നു പറഞ്ഞാണ് പ്രാദേശിക നേതാക്കള്‍ പലരും പാർട്ടി വിട്ടത്.
പല സ്ഥാനങ്ങളും ലഭിച്ചവർ പാർലമെന്ററി വ്യാമോഹം മൂലം പാർട്ടിയുമായി കലഹിച്ചാണ് പാർട്ടിവിട്ടതെന്ന് അണികളെ നേതൃത്വം ബോധ്യപ്പെടുത്തിവരുന്നതിനിടയിലാണ് രണ്ടു തവണ എംഎല്‍എയായ, മൂന്നു തവണ എംഎല്‍എയായിരുന്ന മുതിർന്ന നേതാവിന്റെ മകൻ കെ. അജിത്ത് ബിജെപിയില്‍ ചേക്കേറിയ വാർത്ത പാർട്ടി കേന്ദ്രങ്ങളില്‍ വൻ സ്ഫോടനം ഉണ്ടാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാർട്ടിയുടെ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന അജിത്ത് രണ്ടു വർഷം ഗുരുവായൂർ ദേവസ്വം ബോർഡ് മെംബറുമായിരുന്നു. പാർട്ടി ജില്ലാ എക്സിക്യൂട്ടിവില്‍നിന്ന് അജിത്തിനെ ജില്ലാ കൗണ്‍സിലിലേക്കു തരംതാഴ്ത്തിയപ്പോള്‍ മറ്റു ചിലർക്ക് ബഹുജന സംഘടനകളില്‍ വലിയ സ്ഥാനങ്ങള്‍ നല്‍കിയത് അജിത്തിനെ പ്രകോപിപ്പിച്ചതായി അടുപ്പമുള്ളവർ പറയുന്നു.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥിത്വം ലഭിക്കാതിരുന്നവരില്‍ ചിലരും സ്ഥാപിത താത്പര്യത്തിന്റെ പേരില്‍ മറ്റു ചിലരും പാർട്ടി വിട്ടതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ ഇപ്പോഴും ശമിച്ചിട്ടില്ല. ടിവി പുരത്ത് പഞ്ചായത്ത് പ്രസിഡന്റായി പാർട്ടി ഉയർത്തിക്കാട്ടിയ നേതാവ് പാർട്ടിക്ക് ഏറെ സ്വാധീനമുള്ളിടത്ത് തോറ്റതിനു പിന്നില്‍ പാർട്ടിയിലെ ഭിന്നതയാണ് കാരണമെന്ന വാദഗതിയാണുള്ളത്.
ഇടതുപക്ഷത്തിന് വലിയ സ്വാധീനമുള്ള തലയാഴം, വെച്ചൂർ പഞ്ചായത്തുകളില്‍നിന്ന് പ്രാദേശിക നേതാക്കളടക്കം പാർട്ടി വിടുന്നുണ്ട്. .അജിത്തിന് ഒരു തവണകൂടി മത്സരിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും രണ്ടു തവണയെന്ന പാർട്ടിയിലെ നിബന്ധന അതിനു തടസമായി. പട്ടികജാതി വിഭാഗത്തിനു സർക്കാർ അർഹിക്കുന്ന പരിഗണന നല്‍കാത്തതിലെ പ്രതിഷേധം മൂലമാണ് പാർട്ടിവിട്ടു ബിജെപിയില്‍ ചേർന്നതെന്ന വാദം ബാലിശമാണെന്നും പാർട്ടി മാറ്റത്തിനു പിന്നില്‍ സ്വാർഥമോഹം മാത്രമാണെന്നാണ് സിപിഐ നേതൃത്വം ആരോപിക്കുന്നത്.



