
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി കെട്ടിടത്തിൻ്റെ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി മേൽക്കൂരയുടെ പണി പൂർത്തിയാക്കി. വൈക്കംസത്യഗ്രഹ സമര ചരിത്രത്തിൻ്റെ ഭാഗമായ ബോട്ടുജെട്ടികെട്ടിടം തനിമ നിലനിർത്തി ചരിത്രസ്മാരകമായാണ് പുനർനിർമ്മിക്കുന്നത്.
ബോട്ടുജെട്ടിയുടെ നവീകരണത്തിനായി 25 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ് തുക.ബോട്ടുജെട്ടി കെട്ടിടത്തിൻ്റെ പഴയരൂപത്തിനു മാറ്റം വരുത്താതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. പഴയ ജെട്ടി കെട്ടിടത്തിലെ കേടാകാത്ത തടികൾ,ആസ്ബറ്റോസ് എന്നിവയടക്കം നിർമ്മാണത്തിന് ഉപയോഗിച്ചു.കെട്ടിടത്തിൻ്റ ഭിത്തി ബലപ്പെടുത്തുന്ന പണികൾ ആദ്യം പൂർത്തിയാക്കിയിരുന്നു.
കെട്ടിടത്തിൻ്റെ തറയിൽ വെള്ളം കയറുന്നതിനാൽ ഫ്ലോർ ഉയർത്തി നിർമ്മിക്കും. മുറികളിലും പാസേജിലും ടൈലുകൾ പാകും. കെട്ടിടത്തിൻ്റെ ഭിത്തിക്കു പുറമെ പാകിയിരുന്ന കേടായ പലകകൾ മാറ്റി തേക്കിൻ്റെ പുതിയ പാനലുകൾ ഉറപ്പിക്കും. നവംബറിന് മുമ്പ് പണികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ ശ്രമം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ടുജെട്ടിയുടെ നവീകരണത്തിനായി ആദ്യ ഘട്ടം 42 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ചാണ് ബോട്ടുജെട്ടിയുടെ കരിങ്കൽക്കെട്ട് ബലപ്പെടുത്തുകയും നീണ്ട പ്ലാറ്റ്ഫോം വീതി കൂട്ടിപണിത് ടൈൽ പാകുകയും ചെയ്തത്.കെട്ടിടത്തിൻ്റെ ആസ്ബറ്റോസ് മാറ്റി മേൽക്കൂര നിർമ്മിക്കാൻ ശ്രമം ആരംഭിച്ചപ്പോൾ നാട്ടുകാർ എതിർപ്പുമായി എത്തിയതോടെ പണി നിലച്ചു.
പിന്നീട് തനിമ നിലനിർത്തി ബോട്ടുജെട്ടി പുനർനിർമ്മിക്കാൻ 25ലക്ഷം രൂപയുടെ എസ്റ്റിമേറ്റിനു സർക്കാർ അംഗീകാരം നൽകുകയായിരുന്നു. വൈക്കം സത്യഗ്രഹത്തിൽ പങ്കെടുക്കാനായി വന്ന മഹാത്മജി അടക്കമുള്ള നേതാക്കൾ ബോട്ടു മാർഗമെത്തി വൈക്കം ജെട്ടിയിലാണ് ഇറങ്ങിയത്. ചരിത്രത്തിന്റെ ഭാഗമായി മാറിയ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷിയായ ബോട്ടുജെട്ടി ചരിത്രസ്മാരകമായി പുനർനിർമ്മിക്കണമെന്ന് ജനങ്ങൾ ഏറെക്കാലമായി ആവശ്യപ്പെട്ടു വരികയായിരുന്നു.