play-sharp-fill
വൈക്കത്ത് വീണ്ടും ക്ഷേത്ര പ്രവേശനം: വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും ദളിതനായ ശാന്തിയ്ക്ക് വിലക്ക്: മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിലക്ക് നീക്കി

വൈക്കത്ത് വീണ്ടും ക്ഷേത്ര പ്രവേശനം: വൈക്കത്തഷ്ടമി ഡ്യൂട്ടിയിൽ നിന്നും ദളിതനായ ശാന്തിയ്ക്ക് വിലക്ക്: മന്ത്രിയുടെ ഓഫിസ് ഇടപെട്ട് വിലക്ക് നീക്കി

സ്വന്തം ലേഖകൻ
കോട്ടയം: ക്ഷേത്രപ്രവേശനത്തിനായി സത്യാഗ്രഹം നടന്ന വൈക്കത്തിന്റെ മണ്ണിൽ വീണ്ടും ദളിതന് അയിത്തം. ക്ഷേത്ര പ്രവേശന സത്യാഗ്ര വേദിയായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനായി എത്തിയ ദളിത് ശാന്തിയെയാണ് ക്ഷേത്രം അധികൃതർ വിലക്കിയത്. ശാന്തിക്കാരുടെയും മറ്റ് ഉന്നതരുടെയും അനുമതിയോടെയാണ് വിലക്ക് കൊണ്ടു വന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ, ദേവസ്വം മന്ത്രി കടകംപള്ളിയുടെ ഓഫിസ് ഇടപെട്ടതോടെയാണ് ശാന്തിക്കാരന് വിലക്ക് നീങ്ങിയത്. തേവർധാനം ക്ഷേത്രത്തിലെ മേൽശാന്തിയായ ജീവനെയാണ് വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിൽ നിന്നും മേൽശാന്തിയും ക്ഷേത്രം ശാന്തിമാരും ചേർന്ന് ഒഴിവാക്കിയത്. സംഭവം വിവാദമാകുകയും, മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ അറിയുകയും ചെയ്തതോടെയാണ് വീണ്ടും ജീവനെ ജോലിയ്ക്ക് നിയോഗിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ പതിനെട്ടിനാണ് വൈക്കത്തഷ്ടമി സ്‌പെഷ്യൽ ഡ്യൂട്ടിയ്ക്ക് നിയോഗിക്കുന്ന ശാന്തിമാരുടെയും, ജീവനക്കാരുടെയും പട്ടിക ദേവസ്വം ബോർഡും ക്ഷേത്രം അധികൃതരും ചേർന്ന് പുറത്തിറക്കിയത്. തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ക്ഷേത്രങ്ങൾക്ക് കീഴിലുള്ള ബ്രാഹ്മമണരെയാണ് കൂടുതലായും പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ജീവനെയും ഉൾപ്പെടുത്തിയത്. തുടർന്ന് ജീവന്റെ പേര് വിവിധ ജോലികൾക്കുള്ള ലിസ്റ്റിലും ഉൾപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രസാദം വിതരണം ചെയ്യുന്ന ശാന്തിക്കാരുടെ പട്ടികയിലാണ് ജീവന്റെയും പേര് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, ഉത്സവത്തിനു കൊടിയേറിയ ശേഷം പുറത്തു വിട്ട പട്ടികയിൽ നിന്നും ജീവന്റെ പേര് നീക്കം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിലെത്തുന്ന ഉയർന്ന ജാതിക്കാർ കീഴ്ജാതിക്കാരനായ ജീവനിൽ നിന്നും പ്രസാദം വാങ്ങേണ്ടി വരുമെന്ന് കണ്ടെത്തിയാണ് ഇയാളെ ഒഴിവാക്കിയതെന്ന് ക്ഷേത്രത്തിലെ ബ്രാഹ്മമണ പൂജാരിമാരിൽ ഒരാൾ തേർഡ് ഐ ന്യൂസ് ലൈവിനോടു വെളിപ്പെടുത്തി.
സംഭവം വിവാദമാകുകയും, മന്ത്രിയുടെ ശ്രദ്ധയിൽ എത്തുകയും ചെയ്തതോടെയാണ് ജീവനെ വീണ്ടും പ്രസാദ വിതരണ സെക്ഷനിൽ തന്നെ നിയോഗിക്കാൻ നിർദേശം എത്തിയത്. ക്ഷേത്രപ്രവേശനത്തിനായി ഐതിഹാസികമായ പോരാട്ടം നടന്ന വൈക്കത്തിന്റെ മണ്ണിൽ തന്നെ ശാന്തിപ്പണിയുടെ പേരിൽ നടക്കുന്ന വിവേചനം വീണ്ടും വാർത്തയായി മാറിയിരിക്കുകയാണ്. തിരുവതാംകൂർ ദേവസ്വം ബോർഡിൽ സംസ്ഥാന സർക്കാർ നിയമിച്ച ആറ് ദളിത് ശാന്തിമാരിൽ ഒരാളാണ് ജീവൻ.