
വൈക്കം : മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയ വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് അപകടത്തിൽപ്പെട്ട് ഒരു വർഷം എത്തിയിട്ടും കട്ടപ്പുറത്തു തന്നെ. ഇതോടെ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് സർവീസുകൾ പ്രതിസന്ധിയിലായി. 2024ൽ മാർച്ച് 3ന് മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടി പോയപ്പോൾ മണിമല കറിക്കാട്ടൂരിലായിരുന്നു അപകടം . തുടർന്ന് കോട്ടയത്തെ വർക് ഷോപ്പിലേക്ക് മാറ്റിയെങ്കിലും നന്നാക്കാൻ എസ്റ്റിമേറ്റ് എടുത്തപ്പോൾ പണത്തിന് സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്ന സ്ഥിതിയായി. വർക്ക് ഷോപ്പിൽ കിടന്ന വാഹനത്തിന്റെ ടയർ, ബാറ്ററി, സെൻസറുകൾ എല്ലാം നാശത്തിന്റെ വക്കിലാണ്.
നന്നാക്കാനായി ഒന്നര ലക്ഷത്തിലധികം രൂപയാണ് എസ്റ്റിമേറ്റ് ലഭിച്ചത്. വാഹനത്തിന്റെ ഇൻഷുറൻസ് തുകയായ 21,403 രൂപ ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി(എച്ച്എംസി) അടയ്ക്കുന്നുണ്ടെങ്കിലും ഈ ഇനത്തിൽ 35,000 രൂപ മാത്രമേ ലഭിക്കൂ എന്നാണ് ബന്ധപ്പെട്ട ഇൻഷുറൻസ് കമ്പനി അറിയിച്ചതെന്നും സ്റ്റേറ്റ് ഇൻഷുറൻസ് ആയതിനാലാണ് ആനുകൂല്യത്തിൽ കുറവ് എന്നതാണ് കമ്പനിയുടെ വാദമെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.നടപടിക്രമങ്ങളുടെ പേരിൽ അപകടം സംഭവിച്ച ആംബുലൻസ് നന്നാക്കി കിട്ടാത്തതും നിലവിലുള്ള ആംബുലൻസിൽ ഒരെണ്ണം 15വർഷം തികയുന്നതുമാണ് പ്രതിസന്ധിക്കു കാരണം. താലൂക്ക് ആശുപത്രിയിൽ 4ആംബുലൻസുകളാണുള്ളത്.
ജോസ് കെ.മാണി എംപി അനുവദിച്ച ആംബുലൻസ് 15വർഷം ആയതോടെ ലേലത്തിനായി പുതിയ ബ്ലോക്ക് കെട്ടിടത്തിന് മുന്നിലേക്ക് മാറ്റി. ഒരെണ്ണം മേയ് മാസത്തോടെ 15 വർഷം തികയും. ഇതോടെ വാഹനം ഓടിക്കാൻ കഴിയാതെവരും.മേയ് മാസത്തിന് ശേഷം ആശുപത്രിയിൽ ചെറിയ ആംബുലൻസ് മാത്രമായി സർവീസ് നടത്തേണ്ട ഗതികേടിലാകും. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ എത്തുന്നവരെയും വിദഗ്ധ ചികിത്സയ്ക്കായി മറ്റേതെങ്കിലും ആശുപത്രികളിൽ എത്തിക്കാൻ ജനങ്ങൾക്ക് സ്വകാര്യ ആംബുലൻസുകളുടെ സഹായം തേടേണ്ട സ്ഥിതി ഉണ്ടാകും. അപകടത്തിൽപ്പെട്ട വാഹനം എത്രയും വേഗം നന്നാക്കി കിട്ടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group