അയൽവാസിയായ യുവാവ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവം: വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തില്ല;  വൈക്കം സ്റ്റേഷനിൽ എസ്.ഐ അടക്കം 4 പേർക്ക് കൂട്ട സസ്പെൻഷൻ

അയൽവാസിയായ യുവാവ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവം: വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തില്ല;  വൈക്കം സ്റ്റേഷനിൽ എസ്.ഐ അടക്കം 4 പേർക്ക് കൂട്ട സസ്പെൻഷൻ

സ്വന്തം ലേഖകൻ 

കോട്ടയം: വൈക്കം സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. സ്ത്രീയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടപടിയെടുക്കാൻ വൈകിയതിനാണ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകിയത്.

ഡിഐജിയുടേതാണ് നടപടി. കേസെടുക്കാൻ വൈകി, ദുർബലമായ വകുപ്പുകൾ ഇട്ടു, പരാതി കൈപ്പറ്റിയ രസീത് കൈമാറിയില്ല തുടങ്ങിയ വീഴ്ചകൾക്കാണ് ഡിഐജി നടപടി എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.ഐ. അജ്മൽ ഹുസൈൻ, പിആര്‍ഒ വിനോദ്, ബിനോയ്, സാബു എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ വീട്ടമ്മ കഴിഞ്ഞ13ന് രാത്രി വൈക്കം പുളിഞ്ചുവട്ടില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോള്‍ സ്കൂട്ടറില്‍ വന്ന അയല്‍വാസി തടഞ്ഞു നിര്‍ത്തി കയ്യേറ്റം ചെയ്യുകയായിരുന്നു.

യുവതി ബഹളം കൂട്ടിയപ്പോള്‍ യുവാവ് കടന്നു കളഞ്ഞു. ഈ സമയം കൂട്ടിക്കൊണ്ടുപോകാൻ ഭര്‍ത്താവും എത്തിയിരുന്നു. പിന്നാലെ ഭർത്താവിനൊപ്പം വൈക്കം സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും പരാതി കൈപ്പറ്റിയ രസീത് നൽകാൻ വൈകി.

വീട്ടമ്മ ഡി.ഐ.ജിയെ ഫോണില്‍ വിളിച്ച്‌ പരാതി പറഞ്ഞതിനെ തുടര്‍ന്ന് ഈ മാസം 16നാണ് കേസെടുത്തത്. രണ്ടു ദിവസമായിട്ടും കേസെടുക്കാൻ തയ്യാറായില്ല. ഏറെ വൈകി കേസെടുത്തെങ്കിലും ദുർബലമായ വകുപ്പുകൾ മാത്രം ഇട്ടെന്നാണ് പരാതി.

പ്രതി പുളിഞ്ചുവട് സ്വദേശി അനീഷ് കുമാറിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. അതേസമയം കൂട്ടസസ്‌പെൻഷനില്‍ സേനയ്ക്കുള്ളില്‍ അമര്‍ഷം പുകയുന്നുണ്ട്.

ആക്രമിച്ചയാള്‍ അയല്‍വാസിയായതിനാല്‍ വിശദമായ അന്വേഷണം നടത്തുന്നതിനുള്ള കാലതാമസമാണുണ്ടായതെന്ന് സേനാംഗങ്ങള്‍ പറയുന്നു.

പൊലീസ് സമീപനത്തിൽ പ്രതിഷേധിച്ച് പരാതിക്കാർ ഡിഐജിയെ സമീപിച്ചതോടെയാണ് നടപടിയെടുത്തത്