കച്ചവടം കഴിഞ്ഞ് വീട്ടിൽപോയി വന്നപ്പോൾ കടയില്ല! വൈക്കത്ത് കരിമ്പിൻ ജ്യൂസ് കച്ചവടം നടത്തിയിരുന്ന ലക്നൗ സ്വദേശിയുടെ മെഷീനിലും സാധനങ്ങളിലും ടിപ്പറിൽകൊണ്ടുവന്ന് മണ്ണിട്ടു

Spread the love

വൈക്കം : രണ്ട് മാസംമുമ്പാണ് ബന്ധുവിനോടൊപ്പം ലക്‌നൗ സ്വദേശി കുൽദീപ് കരിമ്പിൻ ജ്യൂസ് മെഷീനുമായി വൈക്കത്ത് എത്തുന്നത്. വൈക്കം-പൂത്തോട്ട റോഡിൽ കുലശേഖരമംഗലം ഗവ. എച്ച്എസ് സ്‌കൂളിന് സമീപം മെഷീൻ സ്ഥാപിച്ച് കരിമ്പിൻ ജ്യൂസ് വിൽപ്പന ആരംഭിച്ചു.

video
play-sharp-fill

ദിവസവും മിച്ചമുള്ള കരിമ്പും മെഷീനുംചാക്കിട്ട് മൂടി മുറിഞ്ഞപുഴയിലെ ബന്ധുവിന്റെ താമസ സ്ഥലത്തേക്ക് പോകുകയാണ് കുൽദീപിന്റെ പതിവ്. ഇക്കഴിഞ്ഞ ദിവസവും വൈകിട്ട് പണി തീർത്ത് വീട്ടിൽ പോയതാണ് കുൽദീപ്. എന്നാൽ രാവിലെ എത്തിയപ്പോൾ മെഷീൻ സ്ഥാപിച്ചിരിക്കുന്ന രണ്ട് വശത്തും മെഷീനുമുകളിലും ടിപ്പറിന് മണ്ണ് ഇറക്കി കൂട്ടിയിട്ടിരിക്കുന്നു.

രണ്ട് കെട്ട് കരിമ്പും മെഷീൻ്റെ ഭൂരിഭാഗവും മണ്ണിനടിയിലായി. കരിമ്പ് പൂർണമായും മണ്ണിനടിയിൽ കിടന്ന് നശിച്ചിരുന്നു. മണിക്കൂറുകളോളം പരിശ്രമിച്ചാണ് മെഷീൻ കഴുകി വൃത്തിയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണ് ഇറക്കിയത് ആരെന്നോ, ആർക്ക് വേണ്ടിയാണെന്നോ പ്രദേശത്തുള്ളവർക്കും അറിയില്ല. പോലീസിൽ വിവരമറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കരിമ്പിൻ ജ്യൂസ് വിൽക്കാൻ അനുവദിക്കില്ലെന്നും മാറി പോകണമെന്നും ചില പ്രദേശവാസികൾ പറഞ്ഞതായി കുൽദീപ് പറയുന്നുണ്ട്.

കരിമ്പിൻ ജ്യൂസ് വിറ്റുകിട്ടുന്ന പണംകൊണ്ടാണ് അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടുന്ന കുടുംബത്തെ കുൽദീപ് സംരക്ഷിക്കുന്നത്. രാവിലെ തുടങ്ങുന്ന വിൽപ്പന വൈകീട്ട് വരെ നീളും.

ഇത്തരം പ്രവൃത്തി ചെയ്ത ആളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മറവൻതുരുത്ത് ആറാം വാർഡ് കമ്മിറ്റി പ്രസിഡന്റ് മണപ്പുറത്ത് റെജി തോമസ് ആവശ്യപ്പെട്ടു.