
മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹം; വൈക്കത്ത് സ്വന്തം വീടിന് തീയിട്ടു ഗൃഹനാഥന്‍: വീട് കത്തിനശിച്ചു; വീട്ടമ്മയും മൂന്ന് മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സ്വന്തം ലേഖിക
കോട്ടയം: വൈക്കത്ത് മദ്യലഹരിയില്‍ ഭാര്യയും മക്കളുമായി കലഹിച്ച ഗൃഹനാഥന്‍ രാത്രി വീടിനു തീയിട്ടു.
വീട്ടമ്മയും മൂന്നു മക്കളും അയല്‍ വീട്ടിലായിരുന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.
കത്തിയമര്‍ന്ന വീട്ടിലെ ഒരു മുറിയില്‍ പുകയും ചൂടുമേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഗൃഹനാഥനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈക്കം മറവന്‍തുരുത്ത് പഞ്ഞിപ്പാലത്ത് നാരായണ ഭവനില്‍ രാജീവാണ് മദ്യ ലഹരിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സ്വന്തം വീട് കത്തിച്ചത്. മദ്യപിച്ചെത്തി ചൊവ്വാഴ്ച രാവിലെ മുതല്‍ രാജീവ് ഭാര്യയും മക്കളുമായി വഴക്കുണ്ടാക്കുകയായിരുന്നു.
ഭാര്യയേയും മക്കളെയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനാല്‍ അവരെ അയല്‍ക്കാര്‍ രാത്രി തന്നെ സമീപത്തെ മറ്റൊരു വീട്ടിലേക്ക് മാറ്റിയിരുന്നു. ഇക്കാര്യം അറിയാതെ വീണ്ടും മദ്യപിച്ചെത്തിയ രാജീവ് ഭാര്യയും മക്കളും കിടക്കുന്ന മുറിയില്‍ പുലര്‍ച്ചെ തീയിട്ടശേഷം മറ്റൊരുമുറിയില്‍ കിടന്നുറങ്ങി.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട സമീപ വാസികള്‍ ഓടിയെത്തി വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ രാജീവിനെ കത്തിക്കൊണ്ടിരിക്കുന്ന മുറിയിലെകട്ടിലില്‍ ബോധരഹിതനായി കണ്ടു.
വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച രാജീവിനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പ്രവേശിപ്പിച്ചു. ഓടും ആസ്‌ബറ്റോസ് ഷീറ്റും മേഞ്ഞ വീട് പൂര്‍ണമായി കത്തി നശിച്ചു.
കുടുംബാംഗങ്ങളുടെ വസ്ത്രങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,വീട്ടുപകരങ്ങള്‍ തുടങ്ങി ഏതാണ്ടെല്ലാം കത്തി നശിച്ചു. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രദേശവാസികളായ സുനില്‍ ,മനോജ്, പ്രസന്നന്‍ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു.