
സ്വന്തം ലേഖകൻ
വൈക്കം: ഭാര്യയുമായി കലഹിച്ചു ഒരു വയസുള്ള കുഞ്ഞുമായി യുവാവ് വീടുവിട്ടിറങ്ങി. കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു. ഒടുവിൽ പൊലീസ് പിടിയിലായി യുവാവ്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് കുഞ്ഞിനെ ഞീഴൂരിലെ വീട്ടിലെത്തിച്ചു മാതാവിനു കൈമാറി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം നാലോടെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ആലപ്പുഴ പെരുമ്പളം സ്വദേശിയായ യുവാവ് ഭര്‍ത്താവിനെ പിരിഞ്ഞു നില്ക്കുന്ന കുഞ്ഞുള്ള ഞീഴൂര്‍ സ്വദേശിനിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. ഈ ബന്ധത്തില്‍ ഒരു വയസ് പ്രായമുള്ള കുഞ്ഞുണ്ട്.
യുവാവിന്റെ മാതാവ് മകന്റെ കുഞ്ഞിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് കുഞ്ഞിനെ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല. ഇതേ ചൊല്ലി ഇരുവരും വഴക്കുണ്ടാക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് മദ്യപിച്ച് ഭാര്യ വീട്ടിലെത്തിയ യുവാവ് ഭാര്യയെയും ഭാര്യാമാതാവിനെയും മര്‍ദ്ദിച്ച ശേഷം കുഞ്ഞുമായി ഓട്ടോറിക്ഷയില്‍ കടന്നു കളഞ്ഞു.
കുഞ്ഞുമായി തലയോലപ്പറമ്പിലെയും വൈക്കത്തെയും ബാറുകളിലെത്തി മദ്യപിച്ച യുവാവ് കുഞ്ഞിനെ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഉപേക്ഷിക്കാന്‍ തുനിഞ്ഞു. നാട്ടുകാര്‍ ഇടപെട്ടതോടെ ഓട്ടോറിക്ഷയില്‍ കയറി പോയ ഇയാള്‍ ഓട്ടോറിക്ഷക്കാരനോട് ഇത് തന്റ കുഞ്ഞല്ലെന്ന് പറഞ്ഞു.
കാര്യം പന്തിയല്ലെന്ന് മനസിലാക്കിയ ഓട്ടോറിക്ഷ ഡ്രൈവര്‍ യുവാവിനെയും കുഞ്ഞിനെയും വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലെത്തിച്ചു.
ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവാവ് കുഞ്ഞിനെ ക്ഷേത്ര നടയില്‍ വീണ്ടും ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയപ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുഞ്ഞിനെയും പിതാവിനെയും വൈക്കം പോലീസ് കടുത്തുരുത്തി ഞീഴൂരിലെ വീട്ടിലെത്തിച്ചു.