വൈക്കത്ത് ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം ചത്തുപൊങ്ങുന്നു; കാരണമറിയാതെ ക്ഷേത്രനടത്തിപ്പുകാർ; അപൂർവ്വ പ്രതിഭാസത്തിന്റെ ആശങ്കയിൽ നാട്ടുകാർ; കുളത്തിലെ വെള്ളം പരിശോധനയ്ക്ക്
സ്വന്തം ലേഖകൻ
വൈക്കം: വൈക്കം ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ കരിമീനുകൾ മാത്രം ചത്തുപൊങ്ങുന്നു. ഒരേക്കറോളം വരുന്ന കുളത്തിലാണ് നാട്ടുകാരെ ആശങ്കയിലാക്കി ഈ അപൂർവ്വ പ്രതിഭാസം.
പല തരത്തിലുളള മത്സ്യങ്ങൾ വളരുന്ന കുളത്തിൽ എന്തുകൊണ്ടാണ് കരിമീൻ മാത്രം ചത്തു പൊങ്ങുന്നതെന്നതാണ് ആളുകളെ കുഴപ്പിക്കുന്നത്. ശാസ്ത്രീയമായി യഥാർത്ഥ കാരണം കണ്ടെത്തണമെങ്കിൽ കുളത്തിലെ വെളളത്തിന്റെ പിഎച്ച്, അമോണിയ, ഓക്‌സിജൻ തുടങ്ങിയവയുടെ തോത് പരിശോധിക്കേണ്ടി വരും. കരിമീനുകളെ മാത്രം ബാധിക്കുന്ന ഫംഗസ് ആണോ മരണകാരണമെന്നും സംശയിക്കുന്നുണ്ട്. പക്ഷെ ഇത് അറിയണമെങ്കിൽ ഇവയെ പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കേണ്ടി വരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്കും നാട്ടുകാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ചത്ത മീനുകളെ നീക്കി കുളം വൃത്തിയാക്കാനുളള നടപടികൾ ദേവസ്വം സ്വീകരിക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു. നാട്ടുകാർ ചത്ത മീനുകളെ കോരിക്കളഞ്ഞെങ്കിലും വീണ്ടും ചത്തു പൊങ്ങുന്നത് തലവേദനയായി മാറിയെന്ന് ഇവർ പറയുന്നു. കാക്കയും മറ്റും ചത്ത മീനുകളെ കൊത്തിയെടുത്ത് സമീപത്തെ വീടുകളുടെ പരിസരത്തിടുകയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ഇതേക്കുറിച്ച് ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. പ്രശ്‌നം വൈകാതെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രജീവനക്കാർ. പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.