വൈക്കം മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തണം; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം
സ്വന്തം ലേഖകൻ
കൊച്ചി: വൈക്കം ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഗോശാലയിലെ പശുക്കളുടെയും കാളകളുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
ക്ഷേത്രത്തിലെ ഗോശാലയില്‍ പശുക്കളെ വേണ്ടരീതിയില്‍ പരിപാലിക്കുന്നില്ലെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ ആരംഭിച്ച നടപടികള്‍ പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം ക്ഷേത്രത്തിലെ ഗോശാലയിലെ 4 കാളകളെയും 3 പശുക്കളെയും ശരിയായ വായുസഞ്ചാരമില്ലാത്തതും ഡ്രെയിനേജ് കുറഞ്ഞ സ്ഥലത്തുമാണ് പാർപ്പിച്ചിരിക്കുന്നതെന്ന് കോടതി നിയോഗിച്ച വെറ്റിനറി ഡോക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
ഇത് ക്ഷേത്രത്തിലെ മാലിന്യം തള്ളുന്ന സ്ഥലത്തിന് സമീപമാണെന്നും സീനിയർ വെറ്ററിനറി സർജൻ കോടതിയെ അറിയിച്ചു. നിലവിലുള്ള ഷെഡ് പരിഷ്കരിക്കുകയോ പുതിയ ഷെഡ് നിർമ്മിക്കുകയോ ചെയ്യണമെന്നും സീനിയർ വെറ്റിനറി സർജന്‍റെ റിപ്പോർട്ടിൽ നിർദേശിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് കോടതി ദേവസ്വംബോർഡിന് നിർദ്ദേശം നൽകിയത്.
സീനിയർ വെറ്ററിനറി സർജന്റെ 07.06.2023 ലെ റിപ്പോർട്ടും ഈ വിഷയത്തെക്കുറിച്ച് പഠിച്ച സീനിയർ ഗവൺമെന്റ് പ്ലീഡർ, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്റ്റാൻഡിംഗ് കമ്മീഷണർ, അഡ്വക്കേറ്റ് കമ്മീഷണർ എന്നിവരുടെ റിപ്പോർട്ടുകളും പരിഗണിച്ചാണ് ദേവസ്വം ബോർഡ് ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകിയത്. ഗോശാലയിലെ കാളകളുടെയും പശുക്കളുടെയും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും ഗോശാല പരിസരത്തിന്‍റെ വൃത്തിയും വെടിപ്പും നിലനിർത്തുന്നതിനും ആനുകാലിക ശുചീകരണം നടത്താനും നടപടികൾ സ്വീകരിക്കണം,” കോടതി ഉത്തരവിട്ടു.