
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. ക്ഷേത്രനഗരിയിൽ ആഘോഷപൂർണ്ണിമ. നാളെ രാവിലെ 6.30 നും 7.30 നും മദ്ധ്യേ തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ഉത്സവം കൊടിയേറുക.
പ്രസിദ്ധമായ വൈക്കത്തഷ്ടമി 12നാണ്. അഷ്ടമി ദർശനം വെളുപ്പിന് 4.30 നും ഉദയനാപുരത്തപ്പന്റെ വരവ്, അഷ്ടമി വിളക്കും രാത്രി 10 നുമാണ്. 13ന് വൈകിട്ട് 5നാണ് ആറാട്ട്. 14 ന് രാവിലെ 11ന് മുക്കുടി നിവേദ്യം.
കുലവാഴപ്പുറപ്പാട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആചാരനിറവിൽ സംയുക്ത എൻ.എസ്.എസ് കരയോഗങ്ങൾ ഇന്ന് കുലവാഴപ്പുറപ്പാട് നടത്തും.
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന്റെ ഭാഗമായ കുലവാഴ പുറപ്പാട് ടൗണിലെ ആറ് എൻ.എസ്.എസ് കരയോഗങ്ങൾ ചേർന്നാണ് നടത്തുക.
താലൂക്ക് യൂണിയൻ മേൽനോട്ടം വഹിക്കും. വൈകിട്ട് 4 ന് ആറാട്ടുകുളങ്ങര ക്ഷീരവൈകുണ്ഠപുരം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന കുലവാഴ പുറപ്പാടിന് 1573ാം നമ്പർ കിഴക്കുംചേരി നടുവിലെമുറി കരയോഗമാണ് ആഥിഥേയത്വം വഹിക്കുന്നത്.
താലപ്പൊലി, വിവിധ വാദ്യമേളങ്ങൾ, മുത്തുക്കുട, ഗജവീരൻ എന്നിവ അകമ്പടിയാകും.1820ാം നമ്പർ പടിഞ്ഞാറ്റും ചേരി തെക്കെമുറി, 1878ാം നമ്പർ കിഴക്കുംചേരി വടക്കെമുറി, 1573ാം നമ്പർ കിഴക്കും ചേരി നടുവിലേമുറി, 1603ാം നമ്പർ കിഴക്കുംചേരി തെക്കെമുറി, 1880 നമ്പർ പടിഞ്ഞാറ്റുംചേരി വടക്കേ മുറി, 1634ാം നമ്പർ പടിഞ്ഞാറ്റുംചേരി പടിഞ്ഞാറെമുറി എന്നീ കരയോഗങ്ങൾ ചേർന്നാണ് കുലവാഴ പുറപ്പാട് നടത്തുക.
കുലവാഴ പുറപ്പാട് മുരിയൻ കുളങ്ങര, ദളവാക്കുളം, കിഴക്കേ നട , പടിഞ്ഞാറെനട വഴി വടക്കേ ഗോപുരനടയിൽ എത്തും. വൈകിട്ട് 6.30 ന് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിലേക്ക് ആനയിക്കും. കുലവാഴകളും കരിക്കിൻ കുലകളും കൊടിമരച്ചുവട്ടിൽ സമർപ്പിക്കും.
തുടർന്ന് ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളിൽ കെട്ടി അലങ്കരിക്കും. അഷ്ടമി ഒന്നും രണ്ടും ഉത്സവങ്ങളിൽ കരയോഗങ്ങളുടെ നേതൃത്വത്തിൽ അഹസും കലാപരിപാടികളും ഉണ്ടാകും
കൊടിയേറ്ററിയിപ്പ്
മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പ് ഇന്ന് നടക്കും. വൈക്കം ക്ഷേത്രത്തിലെ വിശേഷാൽ ചടങ്ങുകൾക്ക് ശേഷം ആചാരപ്രകാരം
അവകാശിയായ മൂസത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തെഴുന്നള്ളി ഉദയനാപുരം ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കും.
ഉദയനാപുരം ക്ഷേത്രത്തിലെ പന്തീരടിപൂജയ്ക്ക് ശേഷമാണ് മുഹൂർത്തചാർത്ത് വായിച്ച് കൊടിയേറ്ററിയിക്കുന്നത്. പെരുമ്പള്ളിയാഴത്ത് മനയെ പ്രതിനിധീകരിച്ച് അയ്യർകുളങ്ങര കുന്തീദേവി ക്ഷേത്രത്തിലും ഇണ്ടംതുരുത്തി മനയിലും എത്തി ആചാര പ്രകാരം കൊടിയേറ്ററിയിക്കും.
അഷ്ടമിയോടനുബന്ധിച്ച് വടക്കേനടയിലെ കൊച്ചാലുംചുവട് ഭഗവതി സന്നിധാനത്തിൽ നടത്തുന്ന പ്രത്യേക പൂജകൾ ഇന്ന് ആരംഭിക്കും. രാവിലെ 7ന് തന്ത്രി ഇണ്ടംതുരുത്തിമന നീലകണ്ഠൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റിന് തലേ ദിവസം, അഞ്ചാം ഉത്സവം, ഏഴാം ഉത്സവം, പതിനൊന്നാം ഉത്സവദിവസവും ഇവിടെ വിശേഷാൽ പൂജകൾ നടത്തും.
അഷ്ടമിക്ക് മുന്നോടിയായി സമൂഹങ്ങൾ നടത്തി വരുന്ന സന്ധ്യ വേല ഇന്ന് സമാപിക്കും. സമാപന സന്ധ്യവേല
വടയാർ സമൂഹമാണ് നടത്തുന്നത്.



