video
play-sharp-fill
പുട്ട് ചോദിച്ചു: നൽകിയത് പൊറോട്ട: അക്രമി സംഘം കരിമ്പിന് അടിച്ച് യുവാവിനെ കൊന്നു: ഇരു സംഘങ്ങളും ഏറ്റുമുട്ടിയത് വൈക്കത്തഷ്ടമിയ്ക്കിടെ; അഞ്ചു പേർ കസ്റ്റഡിയിൽ

പുട്ട് ചോദിച്ചു: നൽകിയത് പൊറോട്ട: അക്രമി സംഘം കരിമ്പിന് അടിച്ച് യുവാവിനെ കൊന്നു: ഇരു സംഘങ്ങളും ഏറ്റുമുട്ടിയത് വൈക്കത്തഷ്ടമിയ്ക്കിടെ; അഞ്ചു പേർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ
കോട്ടയം: തട്ടുകടയിൽ പുട്ട് ചോദിച്ച യുവാക്കളുടെ സംഘത്തിന് പകരം, രണ്ടാമത് എത്തിയവർക്ക് പൊറോട്ട നൽകിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കരിമ്പ് കമ്പിന് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. വൈക്കത്തഷ്ടമിയ്ക്കിടെ വൈക്കം എറണാകുളം ജംഗ്ഷനിൽ ആരംഭിച്ച അടിപിടി, ബീച്ചിൽ കൂട്ടത്തല്ലാകുകയും യുവാവ് തലയ്ക്കടിയേറ്റ് മരിക്കുകയുമായിരുന്നു. സംഭവത്തിൽ വൈക്കം കുലശേഖരമംഗലം മേക്കര കരിയിൽ വീട്ടിൽ ശശിയുടെ മകൻ ശ്യാം (24)ആണ് കൊല്ലപ്പെട്ടത്. മേക്കൽ സ്വദേശി നന്ദു (22)വിനെ ഗുരുതര പരിക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച അർധരാത്രിയോടെ വൈക്കം എറണാകുളം ജംഗ്ഷനിലായിരുന്നു സംഭവങ്ങളുടെ തുടക്കം. തട്ടുകടയിൽ കഴിക്കാനെത്തിയതായിരുന്നു ഇരു സംഘങ്ങൾ. ആദ്യം എത്തിയ പത്തംഗ സംഘം ആവശ്യപ്പെട്ടത് പുട്ടായിരുന്നു. പുട്ട് അടുപ്പിൽ വച്ച് വേകുന്നതിനിടെയാണ് ശ്യാമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം എത്തിയത്. പൊറോട്ട ചോദിച്ച ഇവർക്ക് ആദ്യം തന്നെ പൊറോട്ട നൽകുകയും ചെയ്തു. എന്നാൽ, ഇത് ഇഷ്ടപ്പെടാതെ അക്രമി സംഘം തട്ടുകടയിലെത്തിയവരോടും ജീവനക്കാരോടും തട്ടിക്കയറുകയായിരുന്നു. തട്ടുകടയിൽ അഴിഞ്ഞാടിയ അക്രമി സംഘം ജീവനക്കാരെയും, കഴിക്കാനെത്തിയവരെയും മർദിക്കുകയും ഭക്ഷണ സാധനങ്ങൾ അടക്കം റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേയ്ക്കും അക്രമി സംഘം സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടിരുന്നു.
പിന്നീട്, അഷ്ടമി ആഘോഷങ്ങളിലേയ്ക്ക് പോയ സംഘങ്ങൾ വീണ്ടും വൈക്കം ബീച്ചിന് സമീപത്ത് വച്ചാണ് വീണ്ടും കണ്ടു മുട്ടിയത്. ഇവിടെ വച്ച് നേർക്കുനേർ കണ്ട സംഘം പോർവിളി മുഴക്കി. തുടർന്ന് ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടി. അടിപിടിയാകുകയും ചെയ്തു. ഇതിനിടെ സമീപത്തെ ജ്യൂസ് കടയിൽ നിന്നുള്ള കരിമ്പ് എടുത്ത് അക്രമി സംഘത്തിലെ ഒരാൾ ശ്യാമിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റ് റോഡിൽ വീണ ശ്യാം തല്ക്ഷണം മരിച്ചു. ഉടൻ തന്നെ അക്രമി സംഘം പല വഴിയ്ക്ക് ചിതറിയോടി. നാട്ടുകാരും, വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്നാണ് ശ്യാമിനെ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചംഗ സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.