7 വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച കോട്ടയത്തെ കോളജ് വിദ്യാർത്ഥിയുടെ മരണപ്പാച്ചിൽ: ലഹരിപ്പാർട്ടി നടന്നത് കോളജിന് മുന്നിൽ നിർത്തിയിട്ട കാറിൽ: ഒന്നാം വർഷ വിദ്യാർത്ഥികളുടെ സ്വാഗത പരിപാടിക്കിടെ കാറിലെ മൊബൈൽ ബാറിൽ കയറി മദ്യപാനം: ആദ്യ ഇടി ചുങ്കത്തെ ഓട്ടോയ്ക്കിട്ട്: ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

Spread the love

കോട്ടയം: പൊതുസ്ഥലത്തെ മദ്യപാർട്ടി, അതിനൊടുവില്‍ മൂത്ത ലഹരിയുമായി കാറിലൊരു പരക്കംപാച്ചില്‍… കോട്ടയം നഗരത്തിലെ ഏറ്റവും തിരക്കുള്ള കോട്ടയം-ചുങ്കം-മെഡിക്കല്‍ കോളേജ് റോഡിനെ അക്ഷരാർഥത്തില്‍ ഞെട്ടിച്ച ഒരു കാറോട്ടം.
അതായിരുന്നു വ്യാഴാഴ്ച വൈകീട്ട് ആറോടെ അരങ്ങേറിയ ഭീതിപരത്തിയ തെരുവുനാടകത്തിന്റെ ചുരുക്കം.

വാഴൂർ സ്വദേശിയും സിഎംഎസ് കോളേജ് വിദ്യാർഥിയുമായ ജുബിൻ ലാല്‍ ജേക്കബായിരുന്നു കാർ ഓടിച്ചിരുന്നത്.
സിനിമാദൃശ്യങ്ങളെ വെല്ലുംവിധത്തിലായിരുന്നു ഏഴുവാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ച്‌ കാറുമായുള്ള വിദ്യാർഥിയുടെ മരണപ്പാച്ചില്‍. വഴിയാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

വ്യാഴാഴ്ച കോട്ടയം നഗരത്തിലെ കോളേജിലെ സീനിയർ വിദ്യാർഥികള്‍ ഒന്നാം വർഷ വിദ്യാർഥികള്‍ക്കൊരുക്കിയ സ്വാഗത പരിപാടിയുടെ തുടർച്ച. ഭാഗ്യംകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നാണ് ഈ മരണപ്പാച്ചിലിന് ഇരകളായവരും ദൃക്സാക്ഷികളായ കാല്‍നടക്കാരും വഴിയോരക്കച്ചവടക്കാരും വാഹന യാത്രികരും പറയുന്നത്. അപകടം നടന്ന് ഒരുദിവസം പിന്നിടുമ്പോഴും കാറിന്റെ ‘മരണയാത്ര’ നേരില്‍ കണ്ടവർക്ക് ഭീതി വിട്ടുമാറിയിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജിന് മുന്നില്‍ അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിന്റെ മുന്നിലെ പാർക്കിങ് സ്ഥലത്തായിരുന്നു ഒന്നാവർഷ വിദ്യാർഥികളുടെ സ്വീകരണപരിപാടി. ഒന്നിനുപിറകെ ഒന്നായി വിവിധ വിദ്യാർഥി സംഘടനകള്‍ സംഘാടകരായി. പാട്ടും ഡാൻസുമായി കോട്ടയം-ചുങ്കം പാതയോരത്ത് ആഘോഷപരിപാടി അരങ്ങേറുമ്പോള്‍ വഴിയോരത്ത് പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ ‘മൊബൈല്‍ ബാറും’ പ്രവർത്തിച്ചു. പരിപാടിക്കിടെ കാറിലെത്തി വിദ്യാർഥികള്‍ മദ്യപിക്കുന്നുണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട കാറിലും മദ്യത്തോടെ കുപ്പികള്‍ കണ്ടെത്തി.

ആദ്യ ഇടി ഓട്ടോയില്‍
കോളേജ് പടിയില്‍നിന്ന് വൈകീട്ട് അഞ്ചരയോടെ പുറപ്പെട്ട കാർ ചുങ്കത്ത് ഇറക്കത്തില്‍ പാർക്കുചെയ്ത ഓട്ടോയിലാണ് ആദ്യം ഇടിക്കുന്നത്. ഡ്രൈവർ ഇറങ്ങി മാറിയ ഉടനുള്ള ഇടിയില്‍ തലനാരിഴയ്ക്കാണ് ചുങ്കം പാലം സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ റിജോ രക്ഷപ്പെടുന്നത്. ഇടിച്ചശേഷം കാർ പാഞ്ഞുപോയി. കുടയംപടി റോഡിലൂടെ ദിശതെറ്റിച്ചുള്ള പരക്കംപാച്ചിലിലാണ് മുന്നില്‍ പോയതും എതിരേവന്നതുമായ മറ്റ് വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചത്.

ആദ്യ ഇടിക്കുശേഷം കാറിന്റെ മുൻഭാഗത്തെ ഇടത് ടയർപൊട്ടി, നിലത്തുരഞ്ഞ് വലിയ ശബ്ദത്തോടെയാണ് പിന്നീട് കാർ പാഞ്ഞത്. വഴിയുടെ ഇടതും വലതും വശം മാറിമാറിയായിരുന്നു കാറിന്റെ പരക്കംപാച്ചില്‍. സംഭവം കണ്ടവർ അപകടമുന്നറിയിപ്പുമായി മാറിക്കോ… മാറിക്കോ… എന്ന് വിളിച്ചുപറഞ്ഞ് ബൈക്കുകളിലും മറ്റ് വാഹനങ്ങളിലുമായി കാറിനെ പിന്തുടർന്നു.
ഒടുവില്‍ കുടമാളൂർ ശ്രീസേതുപാർവതി ഭായി ഗ്രന്ഥശാലയ്ക്കുമുന്നിലെ വളവിലുള്ള ആല്‍മരത്തിലിടിച്ച്‌ കാർ നില്‍ക്കുമ്പോള്‍ പിന്നാലെ വൻ ജനാവലിയും അകമ്പടിയെത്തി. രോഷാകുലരായി പിന്തുടർന്നെത്തിയവർ ജുബിനെ കാറില്‍നിന്ന് വലിച്ചിറക്കി ‘കൈകാര്യം’ ചെയ്തു. കാർ മരത്തിലിടിച്ച്‌ നിന്നില്ലായിരുന്നുവെങ്കില്‍ വൻ ദുരന്തത്തിലെത്തിയെനേയെന്ന് പിന്തുടർന്നെത്തിയവർ പറഞ്ഞു.

പരാതിയില്ല കേസെടുത്തില്ലെന്ന് പോലീസ്
അപകടം നടന്ന് പിറ്റേന്ന് ഉച്ചയായിട്ടും കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തിരുന്നില്ല. ആരും പരാതി പറയാത്തതിനാല്‍ കേസെടുത്തില്ലെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. സംഭവം മാധ്യമങ്ങള്‍ ചർച്ചയാക്കിയതോടെ അതിരമ്ബുഴ നടമുഖത്ത് ജോസി സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വൈകീട്ടോടെ കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്തു. വിദ്യാർഥിയുടെ കാർ ഇദ്ദേഹത്തിന്റെ കാറില്‍ തട്ടിയിരുന്നു. നെഞ്ച് വേദനയെത്തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്ന ജോസിയെ അശുപത്രിയിലെത്തി കണ്ടാണ് പോലീസ് മൊഴി രേഖപ്പെടുത്തിയത്. കാറോടിച്ച വിദ്യാർഥി വാഴൂർ കടുമ്പശ്ശേരില്‍ ജുബിൻ ലാല്‍ ജേക്കബിനെതിരെയാണ് കേസ്. വിദ്യാർഥി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു