വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ വൻ തിരക്ക്: സഞ്ചാരികളുടെ വാഹനങ്ങൾ കൃര്യക്കിലാകുന്നത് നിത്യ സംഭവം: പാർക്കിംഗ് സൗകര്യവും കുറവ്: ഏലപ്പാറ പഞ്ചായത്തും വിനോദ സഞ്ചാര വകുപ്പും ശ്രദ്ധിക്കണം.

Spread the love

പീരുമേട്: വാഗമണ്‍ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയതോടെ ഗതാഗത കുരുക്ക് അതിരൂക്ഷമായി. ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ മണിക്കൂറുകളോളമാണ് കുരുക്കില്‍പ്പെടുന്നത്.

കൊട്ടാരക്കര- ഡിണ്ടുക്കല്‍ ദേശീയ പാതയില്‍ കൂടി വരുന്നവരും ഏലപ്പാറ വഴിയും തൊടുപുഴയില്‍ നിന്ന് കാഞ്ഞാർ വഴിയും ഇരാറ്റുപേട്ടയില്‍ നിന്ന് തീക്കോയി വഴിയും വാഗമണ്ണില്‍ എത്തുന്ന വിനോദ സഞ്ചാരികളാണ് കുരുക്കില്‍പെടുന്നത്. വാഗമണ്‍ പി.ഡബ്ല്യു.ഡി റോഡ് മുതല്‍ അഡ്വഞ്ചർ പാർക്ക് വരെയുള്ള ദൂരമാണ് വാഹനക്കുരുക്ക് അനുഭവപ്പെടുന്നത്. ഇത് മൂലം വിനോദസഞ്ചാരികള്‍ വളരെയേറെ കഷ്ടപ്പെടുന്നുണ്ട്. ഗതാഗത കുരുക്ക് മറികടന്നെത്തിയാല്‍ തന്നെ സഞ്ചാരികളുടെ വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സ്ഥലം പോലും ആവശ്യത്തിനില്ല.

ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് അവധി ദിവസങ്ങളില്‍ വാഗമണ്ണില്‍ എത്തുന്നത്. വാഗമണ്ണിലേക്ക് സഞ്ചാരികള്‍ക്ക് തടസം കൂടാതെ വരാനും വാഹനങ്ങള്‍ പാർക്ക് ചെയ്യാനും കഴിയുന്ന സാഹചര്യങ്ങള്‍ ഒരുക്കാൻ ഏലപ്പാറ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും തയ്യാറാകണമെന്നാണ് വിനോദ സഞ്ചാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.

സഞ്ചാരികളുടെ
ഒഴുക്കിന് കുറവില്ല
അടുത്തിടെ ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുന്ന ഇടമായി വാഗമണ്‍ മാറി. ഇവിടത്തെ അഡ്വഞ്ചർ പാർക്കും ഗ്ലാസ് ബ്രിഡ്ജും പൈൻ പാർക്കും മൊട്ട കുന്നും ആകാശ സൈക്ലിങ്ങുമെല്ലാമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഓണം, നവരാത്രി, പൂജ അവധിക്കാലത്ത് സംസ്ഥാനത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും വൻതോതില്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക് ഉണ്ടായത്.

വിദ്യാർത്ഥികളടക്കം ഗ്ലാസ് ബ്രിഡ്ജില്‍ കയറാൻ എത്തിയവർക്ക് രണ്ടു ദിവസം ക്യാമ്പ് ചെയ്യേണ്ടി വന്നു. അഡ്വഞ്ചർ പാർക്കിലും മൊട്ടക്കുന്നിലും പ്രവേശനം നേടാൻ തന്നെ മണിക്കൂറുകളോളം കാത്ത് നില്‍ക്കേണ്ട സാഹചര്യമുണ്ടായി. രാവിലെ ഒമ്പതിന് ആരംഭിച്ച്‌ 10 മണിക്കുള്ളില്‍ ഗ്ലാസ് ബ്രിഡ്ജിലേക്കുള്ള ഒരു ദിവസത്തെ പ്രവേശനം ക്ലോസ് ചെയ്യേണ്ട സ്ഥിതിയായിരുന്നു.

250 രൂപ ഫീസായതു കൊണ്ട് തന്നെ പാക്കേജില്‍ വരുന്നവർ ഗ്ലാസ് ബ്രിഡ്ജില്‍ കയറിയിട്ടേ പോകൂ. ഇതോടെ ഗ്ലാസ് ബ്രിഡ്ജില്‍ കയറാൻ കഴിയാതെ നിരാശരായി തിരിച്ചു പോകുന്നവ‌ർ നിരവധിയാണ്.