സൗദിയിൽ ഒറ്റ ദിവസം 8 വധ ശിക്ഷകൾ നടപ്പാക്കി :മയക്കുമരുന്ന് കേസുകള്‍ പെരുകുന്നതാണ് വധശിക്ഷ ഉയരാൻ ഇടവരുത്തുന്നത്.

Spread the love

റിയാദ്: ഒറ്റ ദിവസം 8 തടവുകാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രാജ്യത്ത് വധശിക്ഷ കുത്തനെ ഉയരുന്നെന്ന റിപ്പോർട്ടുകള്‍ക്കിടെയാണിത്.
മയക്കുമരുന്ന് കേസുകള്‍ പെരുകുന്നതാണ് വധശിക്ഷ ഉയരാൻ ഇടവരുത്തുന്നത്. ശനിയാഴ്ച തെക്കൻ മേഖലയായ നജ്രാനിലായിരുന്നു വധശിക്ഷകള്‍ നടപ്പാക്കിയത്. രാജ്യത്തേക്ക് ഹാഷിഷ് കടത്തിയ കുറ്റത്തിന് നാല് സൊമാലികളെയും മൂന്ന് എത്യോപിയൻ പൗരന്മാരെയും തൂക്കിലേറ്റി.

മറ്റൊരാള്‍ അമ്മയെ കൊന്നതിന് ശിക്ഷിക്കപ്പെട്ട സൗദി പൗരനാണ്. 2025ന്റെ തുടക്കം മുതല്‍ 230 പേർ സൗദിയില്‍ തൂക്കിലേറ്റപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 154 കേസും മയക്കുമരുന്നുമായി ബന്ധപ്പെട്ടിരിക്കുന്നു. കഴിഞ്ഞ വർഷം 338 പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി. നാർക്കോട്ടിക്സ് കേസുകളില്‍ വധശിക്ഷ നല്‍കുന്നത് സൗദി മൂന്ന് വർഷത്തോളം നിറുത്തിവച്ചിരുന്നു. എന്നാല്‍ 2022 അവസാനത്തോടെ അത് പുനരാരംഭിച്ചു.

2023ല്‍ 19ഉം 2024ല്‍ 117ഉം പേരെ ലഹരിക്കേസുകളുമായി ബന്ധപ്പെട്ട് തൂക്കിലേറ്റി. മയക്കുമരുന്ന് കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ഏറെയും വിദേശികളാണ്. ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളില്‍ നിന്ന് തൊഴിലിന് എത്തിയവരാണ് ഇതില്‍ അധികവും. സമൂഹത്തിലെ ക്രമസമാധാനനില നിലനിറുത്താൻ വധശിക്ഷ അനിവാര്യമാണെന്നും എല്ലാ അപ്പീലുകളും തള്ളപ്പെട്ടാല്‍ മാത്രമേ അവ നടപ്പാക്കൂ എന്നുമാണ് സൗദി ഉദ്യോഗസ്ഥർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിരീടാവകാശി മുഹമ്മദ് ബിൻ സല്‍മാൻ അധികാരത്തിലെത്തിയ ശേഷം 2017 ജൂണിനും 2024 ഒക്ടോബറിനുമിടെയില്‍ 1,115 വധശിക്ഷകൾ രാജ്യത്ത് നടന്നു. സൗദിയിലെ വധശിക്ഷകള്‍ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുണ്ടെങ്കിലും ഫലമില്ല.

ചൈനയ്ക്കും ഇറാനും ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കുന്ന രാജ്യമായാണ് സൗദി അറിയപ്പെടുന്നത്. സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നവർ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായും ആരോപണമുണ്ട്.

വധശിക്ഷകള്‍
2025 – 230
2024 – 338
2023 – 172
2022 – 196