ആരാച്ചാർക്ക് ഫീസ് രണ്ടുലക്ഷമാക്കിയതോടെ വധശിക്ഷ കാത്ത് കഴിയുന്നവരെ തൂക്കിക്കൊല്ലാൻ അപേക്ഷകരുടെ തിരക്ക്
സ്വന്തം ലേകകൻ
ആരാച്ചാരുടെ പ്രതിഫലം 500 രൂപയിൽനിന്ന് രണ്ടുലക്ഷമാക്കിയതോടെ സംസ്ഥാനത്തെ ജയിലുകളിൽ ആരാച്ചാരാകാൻ അപേക്ഷനൽകി കാത്തിരിക്കുന്നത് 12 പേർ. പക്ഷേ, വധശിക്ഷ അടുത്തെങ്ങും നടപ്പാക്കാത്തതിനാൽ അപേക്ഷ പരിഗണിക്കാനായിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാകട്ടെ അപ്പീൽ നൽകി മരണത്തിന്റെയും ജീവിതത്തിന്റെയും നൂൽപ്പാലത്തിലും.
സംസ്ഥാനത്ത് പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള തൂക്കുമുറിയുള്ളത്. വധശിക്ഷാമുറിയിലെ തൂക്കുമരത്തിന്റെ ലിവർ വലിക്കൽ മാത്രമാണ് ആരാച്ചാരുടെ ജോലി. കണ്ണൂരിൽ ഒരേസമയം രണ്ടുപേരെ തൂക്കിലേറ്റാം. കണ്ണൂർ സെൻട്രൽ ജയിലിൽ 1992ൽ റിപ്പർ ചന്ദ്രന്റെ വധശിക്ഷയാണ് കേരളത്തിൽ അവസാനമായി നടപ്പാക്കിയത്. 15 -പേ-രെ- തലയ്ക്കടിച്ചു കൊ-ന്ന- കേസിലായിരുന്നു ശിക്ഷ. 1990ൽ കണ്ണൂരിൽതന്നെ വാകേരി ബാലകൃഷ്ണന്റെ വധശിക്ഷയും നടപ്പാക്കി. വയനാട്ടിൽ ഒരു കുടുംബത്തിലെ മുഴുവൻ പേരേയും കൊന്നതിനായിരുന്നു ശിക്ഷ. പൂജപ്പുര സെൻട്രൽ ജയിലിൽ 1971 ൽ അഴകേശനെ തൂക്കിക്കൊന്നശേഷം വേറെ ശിക്ഷ നടപ്പാക്കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായി 22 പേരാണ് വധശിക്ഷ കാത്തുകഴിയുന്നത്. ഇതിൽ കണ്ണൂരിലുള്ള രണ്ടുപേരുടെ ശിക്ഷ താൽക്കാലികമായി സുപ്രീംകോടതി തടഞ്ഞു. നേരത്തെ വധശിക്ഷ ലഭിച്ച ഗോവിന്ദച്ചാമി, ആന്റണി, രാജേഷ് എന്നിവരുടെ ശിക്ഷയും സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ചു. ദിവസവും സമയവും രേഖപ്പെടുത്തി ജയിൽ സൂപ്രണ്ടിന് ‘ബ്ലാക്ക് വാറന്റ് ‘ ലഭിച്ചാലേ വധശിക്ഷ നടപ്പാക്കാനാകൂ. ശിക്ഷ വിധിച്ച കോടതിയാണ് ഈ വാറന്റ് നൽകേണ്ടത്. ബ്ലാക്ക് വാറന്റിന് നടപടിക്രമങ്ങൾ ഏറെയുണ്ട്. ശിക്ഷിക്കപ്പെട്ടയാൾക്ക് സുപ്രീംകോടതിവരെ അപ്പീൽ നൽകാം. അവിടെയും ശിക്ഷ ശരിവച്ചാൽ രാഷ്ട്രപതിക്ക് ദയാഹർജിയും നൽകാം. ഇവയും തള്ളിയാലേ ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കൂ. രാജ്യത്ത് വധശിക്ഷയ്‌ക്കെതിരെ പൊതുഅഭിപ്രായം ശക്തമായതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധാപൂർവമാണ് സുപ്രീംകോടതിയും രാഷ്ട്രപതിയും തീരുമാനമെടുക്കുക. മുംബൈ സ്‌ഫോടന കേസിലെ പ്രതി അജ്മൽ കസബിനെയാണ് രാജ്യത്ത് ഏറ്റവും ഒടുവിൽ തൂക്കികൊന്നത്.
ആരാച്ചാരുടെ വിവരം ജയിൽവകുപ്പ് രഹസ്യമായി സൂക്ഷിക്കുമെങ്കിലും പ്രതിഫലം 500 രൂപയായിരുന്നപ്പോൾ ആരും വലിയ താൽപ്പര്യം കാണിച്ചിരുന്നില്ല. ഇതിനാൽ പുതിയ ജയിൽ ചട്ടത്തിന്റെ ഭാഗമായാണ് പ്രതിഫലം രണ്ടുലക്ഷം രൂപയാക്കിയത്.