
തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വോട്ടുകോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദർ.
ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരിടപെടലും ഞങ്ങടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഒരിടത്തും ഒരാളെയും ചാക്കിട്ട് പിടിക്കാനുള്ള സമീപനം സിപിഎം ചെയ്തിട്ടില്ല, പ്രചരിക്കുന്ന ഓഡിയോയില്‍ സംസാരിക്കുന്നത് ആരോടാണ്? ഞങ്ങളാരും അതില്‍ ഇടപെട്ടിട്ടില്ല. യുഡിഎഫ് സ്വതന്ത്രന്റെ വോട്ട് സംരക്ഷിക്കാനുള്ള ബാധ്യത കോണ്‍ഗ്രസിനായിരുന്നു എന്നും കെ വി അബ്ദുള്‍ ഖാദർ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. രാഷ്ട്രീയമായി യുഡിഎഫിന് വിരുദ്ധമായ നിലപാടെടുക്കുന്നയാളെ സംരക്ഷിക്കും എന്നു പറയുന്നതില്‍ എന്താണ് തെറ്റെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥാനങ്ങള്‍ രാജിവെക്കില്ല എന്നും അബ്ദുള്‍ ഖാദർ പറഞ്ഞു.
അതേസമയം കോഴ വാങ്ങി വോട്ടുമറിച്ചെന്ന വിവാദത്തില്‍ ആരോപണങ്ങള്‍ തള്ളി ലീഗ് സ്വതന്ത്രന് ഇ.യു.ജാഫര്‍ രംഗത്ത് വന്നു. എല്‍ഡിഎഫിന് വോട്ട് ചെയ്തത് അബദ്ധത്തിലാണെന്നും പണം വാങ്ങിയിട്ടില്ലെന്നും ജാഫര്‍ പറഞ്ഞു. പിന്തുണ ആവശ്യപ്പെട്ട് സിപിഎം നേതാക്കള്‍ വിളിച്ചിട്ടില്ല. തെറ്റ് പറ്റിയതില്‍ കുറ്റബോധം ഉണ്ട്. നുണപരിശോധനയ്ക്ക് വരെ തയ്യാറാണെന്നും ആരുമായും ഡീല്‍ ഇല്ലെന്നും ജാഫര്‍ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group


