വടക്കഞ്ചേരി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
പാലക്കാട്: വടക്കഞ്ചേരി വാഹനാപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവും പ്രഖ്യാപിച്ചു. അപകടത്തിൽ മരണമടഞ്ഞവരുടെ കടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതവുമാണ് പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും നൽകുക. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.രാഷ്ട്രപതിയും അപകടത്തിൽ അനുശോചനം അറിയിച്ചു.
ഇന്ന് പുലർച്ചെയായിരുന്നു 9 പേരുടെ മരണത്തിനിടയായ നാടിനെ നടുക്കിയ അപകടം നടന്നത്. ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസായിരുന്നു അപകടത്തിൽ പെട്ടത്. വടക്കഞ്ചേരിയില്‍ വെച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിന്റെ പിന്നില്‍ ഇടിച്ചുകയറിയ ശേഷം ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു.
കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂൾ ജീവനക്കാരായ നാൻസി ജോർജ്, വി.കെ.വിഷ്ണു, വിദ്യാർത്ഥികളായ എൽന ജോസ് ക്രിസ്‍വിന്‍റ്, ദിവ്യ രാജേഷ് , അഞ്ജന അജിത്, ഇമ്മാനുവൽ, എന്നിവരായിരുന്നു അപകടത്തിൽ മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group