
കോഴിക്കോട് : വടകര ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിനിടെ വോട്ട് മാറി ചെയ്ത എല്‍ഡിഎഫ് അംഗത്തിന്‍റെ വീടിനുനേരെ ആക്രമണം.
ആർജെഡി അംഗമായ രജനിയുടെ ചോമ്ബാലയിലെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. വീടിന്‍റെ വാതിലിന് അരികെ സ്റ്റീല്‍ ബോംബുവെച്ചെങ്കിലും പൊട്ടാത്തത് കാരണം വലിയ അത്യാഹിതം ഒഴിവായി. വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകർത്തിട്ടുണ്ട്. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മാറി വോട്ട് ചെയ്തെങ്കിലും വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തന്നെ രജനി വോട്ട് ചെയ്തിരുന്നു . രജനിയുടെ വോട്ട് മാറിയത് കാരണം ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചിരുന്നു. ഇരു മുന്നണികള്‍ക്കും ഏഴു സീറ്റുകള്‍ വീതമാണ് ബ്ലോക്ക് പഞ്ചായത്തിലുള്ളത്. വോട്ട് മാറി ചെയ്തതിന് തുടർന്ന് രജനിയെ ആർ ജെ ഡി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു.
രജനിയുടെ വീടിനുനേരെയുണ്ടായത് സിപിഎമ്മിന്‍റെ ആസൂത്രിത ആക്രമണമാണെന്ന് കെകെ രമ എംഎല്‍എ ആരോപിച്ചു. ഇടതുപക്ഷത്തുള്ള ഒരു നേതാവിന്‍റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. അബദ്ധത്തില്‍ വോട്ട് മാറി ചെയ്തതിന്‍റെ പേരിലാണ് സിപിഎമ്മിന്‍റെ ആക്രമണമെന്നും കെകെ രമ ആരോപിച്ചു. വോട്ട് മാറി ചെയ്ത സംഭവത്തില്‍ ഇന്നലെയാണ് ആര്‍ജെഡി രജനി തെക്കെ തയ്യിലിനെ സസ്പെന്‍ഡ് ചെയ്തത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാർട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്യം നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് നടപടി. ഇന്നലെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി കോട്ടയില്‍ രാധാകൃഷ്ണന് രജനി വോട്ട് ചെയ്യുകയും രാധാകൃഷ്ണൻ ജയിക്കുകയും ചെയ്തിരുന്നു.എല്‍ഡിഎഫ് അംഗത്തിന്‍റെ വോട്ട് ലഭിച്ചതോടെ വടകര ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ പദവി യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. നറുക്കെടുപ്പില്‍ വൈസ് പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിന് ലഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



